ഗുറാപ്പ് : പശ്ചിമ ബംഗാളിലെ ഗുറാപ്പിൽ വാഹനാപകടത്തിൽ 7 മരണം (Dumper Hits Electric Rickshaw In West Bengal). വലിയ ടിപ്പർ ഇലക്ട്രിക് ഓട്ടോയിൽ വന്നിടിച്ചാണ് അപകടമുണ്ടായത്. ചുച്ചുര ദസ്‌ഘരയിലെ റോഡിലെ കാങ്‌സരിപൂർ ജംഗ്ഷനിൽ ഇന്നലെ രാവിലെ 9 മണിയോടെണ് സംഭവം നടന്നത്. റിക്ഷ ഡ്രൈവറായ സൗമൻ ഘോഷ്, രാംപ്രസാദ് ദാസ് (62), നൂപുർ ദാസ് (50), ശ്രീജ, ദമ്പതികളായ ബിദ്യുത് ബേര (29), തിഥി ബേര (22), ഇവരുടെ രണ്ട് വയസ് പ്രായമായ കുട്ടി ബിഹാൻ ബേര എന്നിവരാണു മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാർ ബർദ്വാൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ആറുപേർ മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെയാണ് ഡ്രൈവർ സൗമൻ മരിച്ചത്.
ചൊവ്വാഴ്‌ച രാവിലെ 9 മണിയോടെ യാത്രക്കാരുമായി ഗുറാപ്പിലേക്ക് പോവുകയായിരുന്ന ഇലക്‌ട്രിക് റിക്ഷയിലേക്ക് ബർദ്‌വാനിലേക്ക് പോവുകയായിരുന്ന ഡമ്പർ (വലിയ ടിപ്പർ) ഇടിച്ചാണ് അപകടമുണ്ടായതെന്ന് ഹൂഗ്ലി റൂറൽ അഡിഷണൽ പൊലീസ് സൂപ്രണ്ട് കല്യാൺ സർക്കാർ പറഞ്ഞു. അപകടത്തിൽ ഏഴ് പേർ മരിച്ചു. അമിതവേഗതയാണ് അപകട കാരണം. സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കുമെന്നും എസ്‌പി പറഞ്ഞു. സംഭവത്തെ തുടർന്ന് ഡമ്പർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും റൂറൽ പൊലീസ് സൂപ്രണ്ട് കംനാശിഷ് സെൻ പറഞ്ഞു.