പോര്‍ബന്തര്‍: ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും പിടികൂടിയ മയക്ക് മരുന്ന് ഏകദേശം 1300 മുതല്‍ 2000 കോടി രൂപയോളം വിലമതിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ മയക്ക് മരുന്ന് ശേഖരമാണ് കണ്ടെത്തിയതന്ന് എന്‍സിബി. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ഇവ 7 കോടി രൂപ വിലമതിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ത്യന്‍ നേവി, എന്‍സിബി, ഗുജറാത്ത് എസ്‌ടിഎഫ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഇന്ന് (ഫെബ്രുവരി 28) രാവിലെയാണ് മയക്ക് മരുന്ന് പിടികൂടിയത്. ചരസ്, മെത്താംഫെറ്റാമിന്‍, മോര്‍ഫിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. കടലിലൂടെ ബോട്ടില്‍ കടത്തുകയായിരുന് 3300 കിലോ മയക്ക് മരുന്നാണ് കണ്ടെത്തിയത്.
ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ പിടികൂടി. സംഘത്തെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനും സാധിക്കുമെന്നാണ് നിഗമനം. മയക്ക് മരുന്നിന്‍റെ ഉറവിടത്തെ കുറിച്ചും മയക്ക് മരുന്ന് സ്വീകരിക്കുന്നവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു. എന്‍സിബിയുമായുള്ള ഇന്ത്യന്‍ നാവിക സേനയുടെ സംയുക്തമായ ഓപ്പറേഷനാണ് ഇത്രയും വലിയ മയക്ക് മരുന്ന് വേട്ട സാധ്യമായതെന്ന് നാവിക സേന പ്രസ്‌താവനയില്‍ പറഞ്ഞു.
അഭിനന്ദിച്ച് അമിത് ഷാ: ഇന്ത്യന്‍ ചരിത്രത്തിലെ ഇത്രയും വലിയ മയക്ക് മരുന്ന് വേട്ട നടത്തിയ എൻസിബി, ഇന്ത്യൻ നേവി, ഗുജറാത്ത് പൊലീസ് എന്നിവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. മയക്ക് മരുന്ന് വിമുക്ത ഭാരതമെന്ന പ്രധാനമന്ത്രിയുടെ വീക്ഷണം പിന്തുടരുന്നതിന്‍റെ തെളിവാണ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ലഹരി മുക്തമാക്കാനുള്ള സർക്കാരിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ചരിത്ര വിജയം. ഈ അവസരത്തിൽ എൻസിബിയെയും നാവികസേനയെയും ഗുജറാത്ത് പൊലീസിനെയും ഞാൻ അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.