ഹൈദരാബാദ് : പഞ്ചഗുട്ട മയക്കുമരുന്ന് കേസിലെ മറ്റൊരു മുഖ്യപ്രതി കൂടി പൊലീസിന്‍റെ പിടിയിൽ. മുഹമ്മദ് ഉസ്‌മാൻ എന്ന ഫൈസൽ (29) ആണ് പിടിയിലായത്. ഗോവയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയായ ഇവാല ഉഡോക സ്റ്റാൻലിയുടെ കൂട്ടാളിയായിരുന്നു ഫൈസൽ. വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്‌തു വരികയായിരുന്ന ഇയാളെ മറ്റൊരു കേസിൽ ഈ അടുത്തിടെയാണ് പൊലീസ് പിടികൂടിയത്. ഗോവ ജയിലിൽ കഴിയുകയായിരുന്നു പ്രതിയെ പി ടി വാറണ്ട് പ്രകാരം അഞ്ച് ദിവസം മുൻപാണ് നഗരത്തിലെത്തിച്ചത്.
പഞ്ചഗുട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കേസിൽ പ്രതിയെ നാമ്പള്ളി കോടതിയിൽ ഹാജരാക്കിയപ്പോൾ ഗോവയിലെ കൊൽവാലെ ജയിൽ റിമാൻഡ് ചെയ്യാൻ ജഡ്‌ജി ഉത്തരവിട്ടു. തുടർന്ന് പ്രതിയെ ഗോവയിലെ ജയിലിൽ എത്തിക്കുകയായിരുന്നു പൊലീസ്. എന്നാൽ ഏഴു ദിവസം പ്രതിയെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നാമ്പള്ളി കോടതിയിൽ പഞ്ചഗുട്ട പൊലീസ് ഹർജി സമർപ്പിച്ചു.
അതേസമയം കേസിൽ രണ്ട് പ്രതികളെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. സ്റ്റാൻലിയുടെ നെറ്റ്‌വർക്കിലെ പ്രധാന കണ്ണികളായ രാജു, സേവ്യർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഗോവയിൽ ക്യാബ് ഡ്രൈവർമാരായി ജോലി ചെയ്‌തു വരികയായിരുന്നു ഇരുവരും. സ്റ്റാലിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് രാജുവിനെയും സേവ്യറിനെയും തിരിച്ചറിഞ്ഞത്. ഇരുവരെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.