ന്യൂഡൽഹി : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളില്‍ ചരിത്ര സന്ദര്‍ശനത്തിനൊരുങ്ങി രാഷ്‌ട്രപതി ദ്രൗപതി മുർമു. ഒക്ടോബർ 13 മുതൽ 19 വരെ തീയതികളിലായി അൾജീരിയ, മൗറിറ്റാനിയ, മലാവി എന്നീ രാജ്യങ്ങളില്‍ പ്രസിഡന്‍റ് സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് ഈ മൂന്ന് രാജ്യങ്ങളിലും ഒരു ഇന്ത്യന്‍ രാഷ്‌ട്ര തലവൻ സന്ദര്‍ശനം നടത്തുന്നത്.
ഇന്ത്യ അധ്യക്ഷത വഹിക്കവെ G20യിൽ ആഫ്രിക്കൻ യൂണിയനെ സ്ഥിരാംഗമാക്കിയ പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനത്തിന്‍റെ പ്രസക്തി കൂടുന്നത്. ആഫ്രിക്കയുമായുള്ള പങ്കാളിത്തം നമ്മുടെ സ്വന്തം വളർച്ചയ്ക്കും ആഗോള ദക്ഷിണേന്ത്യയുടെ വളർച്ചയ്ക്കും വളരെ പ്രധാനപ്പെട്ടതും നിർണായകവുമാണെന്ന് എംഇഎ സെക്രട്ടറി ദമ്മു രവി പറഞ്ഞു. മൂന്ന് രാജ്യങ്ങളുമായി നിര്‍ണായക ധാരണപത്രങ്ങളിലും മുര്‍മു ഒപ്പുവയ്‌ക്കും.
ഒക്‌ടോബർ 13ന് അൾജീരിയൻ പ്രസിഡന്‍റ് അബ്‌ദുൽ മദ്‌ജിദ് ടെബൗണുമായി മുര്‍മു കൂടിക്കാഴ്‌ച നടത്തും. അബ്‌ദുൽ മദ്‌ജിദ് ടെബൗൺ രണ്ടാം തവണയും പ്രസിഡന്‍റായി അധികാരമേറ്റിട്ട് ഒരു മാസം തികയുന്നതിന് മുന്‍പാണ് മുര്‍മുവുമായി കൂടിക്കാഴ്‌ച നടത്തുന്നത് എന്ന പ്രത്യേകതയും ഈ സംഗമത്തിനുണ്ട്. 39 വർഷത്തിനു ശേഷം അള്‍ജീരിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ രാഷ്‌ട്രപതി കൂടിയാണ് മുര്‍മു.
ഒക്ടോബർ 13ന് തന്നെ ഇന്ത്യൻ കമ്മ്യൂണിറ്റി റിസപ്ഷനിലും പ്രസിഡന്‍റ് മുര്‍മു പങ്കെടുക്കും. ഒക്‌ടോബർ 14ന് അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിൽ കൊല്ലപ്പെട്ടവരുടെ ബഹുമാനാർഥം നിർമിച്ച മഖാം എച്ചാഹിദ് സ്‌മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും. പിന്നീട് പ്രസിഡൻ്റ് ടെബൗണുമായി മുര്‍മു സ്വകാര്യ സംഭാഷണം നടത്തും. കൂടാതെ പ്രതിനിധി തല ചർച്ചകള്‍ നടത്തുകയും വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും.
ഇന്ത്യ-അൾജീരിയ ഇക്കണോമിക് ഫോറത്തെയും സിദി അബ്‌ദല്ല സയൻസ് ആൻഡ് ടെക്‌നോളജി പോൾ യൂണിവേഴ്‌സിറ്റിയേയും രാഷ്ട്രപതി അഭിസംബോധന ചെയ്‌ത് സംസാരിക്കും. ജാർഡിൻ ഡി എസായിയിലെ ഹമ്മ ഗാർഡനിലെ ഇന്ത്യ കോർണറിൻ്റെ ഉദ്ഘാടനവും മുര്‍മു നിർവഹിക്കും. ഇന്ത്യയിൽ നിന്നുളള ഒരു തൈ നട്ടു കൊണ്ട് ഹമ്മ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരു ഇന്ത്യ കേന്ദ്രവും പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്യും. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സന്ദർശനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ പ്രസിഡൻ്റ് മുർമു മൗറിറ്റാനിയ സന്ദര്‍ശിക്കും. ഒക്‌ടോബര്‍ 16നാണ് സന്ദര്‍ശനം നടത്തുക. 1960ൽ മൗറിറ്റാനിയക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ തലവന്‍ രാജ്യത്ത് സന്ദര്‍ശനം നടത്തുന്നത്. മൗറിറ്റാനിയൻ പ്രസിഡൻ്റ് മുഹമ്മദ് ഔൾഡ് ചെക്ക് എൽ ഗസൗനിയുമായി മുര്‍മു സ്വകാര്യ സംഭാഷണം നടത്തും.
തുടര്‍ന്ന് സംസ്‌കാരം, വിദേശ ഓഫിസ് സ്ഥാപനങ്ങൾ, വിദേശ ഓഫിസ് കൺസൾട്ടേഷൻ, നയതന്ത്രജ്ഞരുടെയും ഔദ്യോഗിക പാസ്‌പോർട്ട് ഉടമകളുടെയും വിസ ഒഴിവാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട നാല് ധാരണാപത്രങ്ങളിൽ ഒപ്പുവയ്‌ക്കും. മൗറിറ്റാനിയയിലുളള ഇന്ത്യന്‍ സമൂഹത്തെയും മുര്‍മു അഭിസംബോധന ചെയ്യും. പ്രസിഡൻ്റ് മുർമുവിൻ്റെ സന്ദർശനം ഇന്ത്യ-മൗറിറ്റാനിയ ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ ഊർജം പകരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മലാവി പ്രസിഡൻ്റിൻ്റെ ക്ഷണപ്രകാരം മുർമു ഒക്ടോബർ 17ന് മലാവി സന്ദര്‍ശിക്കും. ശേഷം പ്രസിഡന്‍റ് മുര്‍മു ഒരു ബിസിനസ് പരിപാടിയില്‍ പങ്കെടുക്കുകയും അവിടെയുളള ഇന്ത്യക്കാരുമായും കൂടിക്കാഴ്‌ച നടത്തുകയും ചെയ്യും. കായികം, സാംസ്‌കാരം, യുവജന കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ധാരണാപത്രങ്ങൾ ഒപ്പുവയ്‌ക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മലാവിയുമായുള്ള നിലവിലെ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താന്‍ ഊ കൂടിക്കാഴ്‌ച സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒക്‌ടോബര്‍ 19നായിരിക്കും ഇന്ത്യന്‍ പ്രസിഡന്‍റ് മലാവിയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുക.
Also Read: മോദി നാളെ യുഎസിലേക്ക്; അമേരിക്ക സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാര്‍ ഇവരൊക്കെ...