ന്യൂഡൽഹി : ഡൽഹിയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗാർഥികൾ കോച്ചിങ് സെന്‍ററില്‍ മുങ്ങിമരിച്ച പശ്ചാത്തലത്തില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹിയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചതായി പ്രമുഖ കോച്ചിങ് സെന്‍റര്‍ ദൃഷ്‌ടി ഐഎഎസ്. ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് മുഖർജി നഗറിൽ നിന്ന് നോയിഡയിലേക്ക് മാറ്റുകയാണെന്ന് ഡയറക്‌ടർ വികാസ് ദിവ്യകീർത്തി അറിയിച്ചു.
ഓൾഡ് രാജേന്ദ്ര നഗറിലെ കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റിൽ മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർഥികൾ മുങ്ങിമരിച്ച പശ്ചാത്തച്ചലത്തില്‍ ബേസ്‌മെന്‍റുകളിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്‍ററുകൾ അടച്ചുപൂട്ടാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടപടി സ്വീകരിച്ചിരുന്നു.
നിയന്ത്രണങ്ങൾ പാലിക്കാത്തതും സുരക്ഷാ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ലക്ഷ്‌മി നഗർ, പ്രീത് വിഹാർ, മുഖർജി നഗർ, ഓൾഡ് രാജേന്ദ്ര നഗർ, പട്ടേൽ നഗർ, കരോൾ ബാഗ് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കോച്ചിങ് സെന്‍ററുകൾ ഇതിനോടകം എംസിഡി സീൽ ചെയ്‌തിട്ടുണ്ട്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്ന മുഖർജി നഗറിലെ മിക്ക കെട്ടിടങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഫയർ എൻഒസി പോലുള്ള സർട്ടിഫിക്കേഷനുകള്‍ ഇവയ്ക്ക് ഇല്ലെന്നും റിപ്പോർട്ടുണ്ട്.
മുഖർജി നഗറില്‍ നിലവിൽ നിരവധി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് വിദ്യാർഥികൾ പരിശീലിക്കുന്ന നൂറിലധികം സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെ നിരവധി അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളും മേഖലയിലുണ്ട്.
ജൂലൈ 27 ന് രാത്രിയാണ് സെൻട്രൽ ഡൽഹിയിലെ ഓൾഡ് രാജേന്ദർ നഗറില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി മലയാളിയടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചത്. കോച്ചിങ് സെന്‍ററിന്‍റെ ബേസ്‌മെന്‍റിലുള്ള ലൈബ്രറിയിലേക്ക് ഡ്രെയിനേജ് വെള്ളം ഇരച്ചു കയറുകയായിരുന്നു. എറണാകുളം സ്വദേശി നെവിന്‍ ഡെല്‍വിന്‍, തെലങ്കാന സ്വദേശി താനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രിയ യാദവ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.