ഹൈദരാബാദ്: പ്രകൃതിയില്‍ നടക്കുന്ന എല്ലാ സംഭവവികാസങ്ങള്‍ക്കും ഒരു ലക്ഷ്യമുണ്ട്, ആ ലക്ഷ്യം മനസിലാക്കപ്പെടേണ്ടതാണ് എന്ന ചിന്തയില്‍ നിന്ന് തുടങ്ങിയതാണ് ഗൗതം കൃഷ്‌ണ തേജയ്ക്ക് ജിയോളജിയോടുളള താത്പര്യം. ആ താത്പര്യവും അഭിനിവേശമാണ് ഇന്ന് അദ്ദേഹത്തെ ഭൗമശാസ്‌ത്ര മേഖലയില്‍ മുൻനിരയിലുളള വ്യക്തികളില്‍ ഒരാളാക്കി മാറ്റിയത്. കരിംനഗർ ജില്ലയിലെ കോതിരംപൂർ സ്വദേശിയായ ഗൗതം ജിയോളജിയിൽ പിഎച്ച്ഡി നേടുക മാത്രമല്ല ആഗോളതലത്തിലേക്ക് തന്‍റെ പഠനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുക കൂടിയാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങും തെലങ്കാന യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തിയ അദ്ദേഹത്തിൻ്റെ ആഗോളതലത്തിലെ അഗ്നിപർവ്വതങ്ങളെക്കുറിച്ചുള്ള ഗവേഷണം നൂതനമായ ശാസ്ത്രീയ അറിവുകൾ പകരുന്നതാണ്. കൂടാതെ, ഭാവി പഠന സാധ്യതയുളള തൻ്റെ ഗവേഷണം വിപുലീകരിക്കാനുളള തയ്യാറെടുപ്പിലാണ് ഗൗതം. ഇതിന്‍റെ ഭാഗമായി യൂറോപ്പിലെയും ഇന്തോനേഷ്യയിലെയും അഗ്നിപർവ്വങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കും. ഇതിലൂടെ ലോകമെമ്പാടുമുള്ള അഗ്നിപർവ്വത സ്ഫോടനങ്ങളുടെയും മറ്റ് പ്രകൃതി ദുരന്തങ്ങളുടെയും ദൂഷ്യഫലങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന സമഗ്രമായ റിപ്പോർട്ട് രൂപപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ദുരന്തനിവാരണ തന്ത്രങ്ങളെക്കുറിച്ചും ബാരൻ ദ്വീപിൻ്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ചും 15 ദേശീയ അന്തർദേശീയ ജേണലുകള്‍ ഗൗതം കൃഷ്‌ണ തേജ രചിച്ചിട്ടുണ്ട്. അക്കാദമിക ജീവിതത്തിലുടനീളമുളള ഡോ. ഗൗതമിൻ്റെ സംഭാവനകൾ ശ്രദ്ധേയമാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ കഥ കേവലം അക്കാദമിക് നേട്ടങ്ങളില്‍ ഒതുങ്ങുന്നതല്ല.
അത് സമൂഹത്തിൻ്റെ നന്മയ്ക്കുവേണ്ടിയുള്ള അഭിനിവേശത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും അറിവിൻ്റെ അന്വേഷണത്തിൻ്റെയും സാക്ഷ്യപത്രം കൂടിയാണ്. കരിംനഗറിൽ നിന്ന് ബാരൻ ഐലൻഡിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര എല്ലാ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പ്രചോദനമാണ്. സമർപ്പണവും വ്യക്തമായ കാഴ്‌ചപ്പാടും ഉണ്ടെങ്കിൽ, ആര്‍ക്കും മനുഷ്യരാശിക്ക് മൊത്തത്തിൽ പ്രയോജനം ചെയ്യുന്ന കണ്ടെത്തലുകൾ നടത്താനാകുമെന്നതിന്‍റെ തെളിവാണ്.