മുംബൈ: മരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ബാബ സിദ്ദിഖിയുടെ നെഞ്ചില്‍ വെടിയേറ്റ രണ്ട് മുറിവുകൾ ഉണ്ടായിരുന്നതായി ഡോക്‌ടര്‍മാര്‍. ഇന്നലെ (ഒക്‌ടോബര്‍ 12) രാത്രി 9.30 ഓടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബയെ രക്ഷപ്പെടുത്താന്‍ തീവ്ര ശ്രമങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് ഫിസിഷ്യൻ ഡോ. ജലീൽ പാർക്കർ പറഞ്ഞു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം വെടിയുണ്ടകളുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കുമെന്ന് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. നിതിൻ ഗോഖലെ പറഞ്ഞു. ആശുപത്രിയിലെത്തുന്ന സമയത്ത് ബാബ സിദ്ദിഖിയുടെ പൾസോ രക്തസമ്മർദമോ ഉണ്ടായിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി പുനരുജ്ജീവന ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായെന്ന് ഡോക്‌ടർ നിരജ് ഉത്തമനി വ്യക്തമാക്കി.
ശനിയാഴ്‌ച വൈകുന്നേരമാണ് മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ വച്ച് സിദ്ദിഖിയ്‌ക്ക് അജ്ഞാതരുടെ വെടിയേല്‍ക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട് .കൊലപാതകത്തിന് ഉപയോഗിച്ച 9.9എംഎം പിസ്റ്റളും പൊലിസ് കണ്ടെടുത്തി.
മുംബൈ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം തുടരുകയാണ്. മഹാരാഷ്ട്ര മുൻ മന്ത്രിയും മൂന്ന് തവണ ബാന്ദ്ര വെസ്റ്റ് എംഎൽഎയുമായിരുന്നു ബാബ സിദ്ദിഖി. ഈ വർഷം ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. മകൻ സീഷാൻ ബാന്ദ്ര ഈസ്റ്റ് എംഎൽഎയാണ്.