അമരാവതി: കളിച്ചുകൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ് റോഡിൽ കുഴഞ്ഞുവീണ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ച് അമരാവതി മെഡ്‌സി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്. കുട്ടിയെ തോളിലേറ്റി രക്ഷിതാക്കൾ ആശുപത്രിയിലേക്ക് പോകവെ സംഭവം കണ്ട ഡോക്‌ടര്‍ നന്നപ്പനേനി റാവലി സമയോജിതമായി ഇടപെടുകയായിരുന്നു. മാതാപിതാക്കളില്‍ നിന്നും വിവരം ചോദിച്ചറിഞ്ഞ അവര്‍ പരിശോധന നടത്തിയ ശേഷം റോഡിൽ വച്ച് തന്നെ കുട്ടിക്ക് സിപിആർ നല്‍കി.
തക്കസമയത്ത് സിപിആർ നല്‍കിയതോടെ കുഞ്ഞിന്‍റെ ജീവന്‍ തിരിച്ചു കിട്ടി. വിജയവാഡയിൽ നടന്ന ഈ സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിജയവാഡ അയ്യപ്പ നഗർ സ്വദേശിയായ സായി എന്ന ആറുവയസുകാരന് മെയ് അഞ്ചിന് വൈകുന്നേരമാണ് കളിക്കിടെ അബദ്ധത്തിൽ വൈദ്യുതാഘാതമേല്‍ക്കുന്നത്. ഇതോടെ കുട്ടി ബോധരഹിതനായി.
ALSO READ: പട്യാലയില്‍ വാഹനാപകടം ; ലോ യൂണിവേഴ്‌സിറ്റിയിലെ 4 വിദ്യാർഥികൾ മരിച്ചു
രക്ഷിതാക്കൾ എത്ര ശ്രമിച്ചിട്ടും കുഞ്ഞിനെ ഉണർത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കുട്ടിയുമായി രക്ഷിതാക്കള്‍ ആശുപത്രിയിലേക്ക് തിരിച്ചത്. റോഡില്‍ വച്ച് സിപിആര്‍ നല്‍കവെ തുടർച്ചയായ 5-6 ശ്രമങ്ങൾക്ക് ശേഷമാണ് കുഞ്ഞിന് ബോധം തിരികെ വന്നത്.