ചെന്നൈ: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഡിഎംകെ. ഇടക്കാല ബജറ്റ് പ്രഖ്യാപനത്തില്‍ തമിഴ്‌നാടിന് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ ഡിഎംകെ ഫെബ്രുവരി എട്ടിന് പാർലമെന്‍റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചു.
അടുത്തിടെയുണ്ടായ ചുഴലിക്കാറ്റും മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്‌ടങ്ങൾ നേരിടാൻ സംസ്ഥാനത്തിന് ഉചിതമായ ധനസഹായം നൽകാത്ത കേന്ദ്ര സർക്കാരിന്‍റെ പക്ഷപാതത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ഡിഎംകെ എംപിയും പാർലമെന്‍ററി പാർട്ടി നേതാവുമായ ടിആർ ബാലു പ്രസ്ഥാവനയില്‍ പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളോട് രാജ്യതലസ്ഥാനത്ത് അവരോടൊപ്പം ചേരാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
കേരളത്തെ അവഗണിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ സമരം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ഐക്യദാര്‍ഢ്യവുമായാണ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 16 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് കേന്ദ്ര അവഗണനയ്‌ക്കെതിരെ ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ സമരം ചെയാന്‍ കേരള സര്‍ക്കാര്‍ തീരുമാനം.
2023 ഡിസംബറിലെ ചുഴലിക്കാറ്റ്, മഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ഏകദേശം 37,000 കോടി രൂപയുടെ ആശ്വാസം തേടിയുള്ള തമിഴ്‌നാടിന്‍റെ പ്രാതിനിധ്യത്തെക്കുറിച്ച് ഇടക്കാല ബജറ്റിൽ പ്രഖ്യാപനം ഉണ്ടായില്ല. കൂടാതെ മധുരയിൽ എയിംസ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള തമിഴ്‌നാടിന്‍റെ വികസന പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചും ഇടക്കാല ബജറ്റിൽ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും ഡിഎംകെ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
ഫെബ്രുവരി എട്ടിന് രാവിലെ 10 ന് പാർലമെന്‍റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം ഡിഎംകെ പാർലമെന്‍റ് അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തും. ഇടക്കാല ബജറ്റ് അവതരണത്തിന് ശേഷം, തമിഴ്‌നാടിന് സാമ്പത്തിക വിഹിതം സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്താത്ത കേന്ദ്രസർക്കാരിനെ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ അപലപിച്ചു.