ചെന്നൈ: വീട്ടുജോലിക്കാരിയായ ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിഎംകെ എംഎല്‍എ കരുണാനിധിയുടെ മകനും മരുമകൾക്കും എതിരെ കേസ്. കരുണാനിധിയുടെ മകന്‍ മധിവാണന്‍, ഭാര്യ മെർലീന ആനി എന്നിവര്‍ക്കെതിരെയാണ് കേസ്. നീലങ്കരൈ പൊലീസാണ് കേസെടുത്തത്.
ഉളുന്ദൂർപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ സന്ദർശിച്ച് മൊഴിയെടുത്ത ശേഷമാണ് ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. ആക്രമണം, പീഡന ശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമവും ഇവർക്കെതിരെ ചുമത്തി.
കല്ലുറിച്ചി ജില്ലയിൽ നിന്നുള്ള 18 വയസ്സുള്ള പെൺകുട്ടിക്കാണ് ദുരനുഭവം നേരിട്ടത്. കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് പെൺകുട്ടി ചെന്നൈ തിരുവാൻമിയൂർ സൗത്ത് അവന്യൂവിലെ മധിവാണന്‍- മെർലീന ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയത്. പ്രതിമാസം 16,000 രൂപ ശമ്പളം നൽകാമെന്ന വാഗ്‌ദാനപ്രകാരമാണ് യുവതി ജോലിക്ക് കയറിയത്. എന്നാൽ ഇതിന് വിപരീതമായി മാസം 5000 രൂപ മാത്രമാണ് യുവതിക്ക് ശമ്പളമായി ലഭിച്ചത്.
ഇതുകൂടാതെ ദമ്പതികൾ നിരന്തരം മർദിക്കുമായിരുന്നെന്നും, ചെരിപ്പ്, ചൂൽ തുടങ്ങി കയ്യിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചെല്ലാം അടിക്കുമായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. സിഗരറ്റ് കുത്തി പൊള്ളിക്കുമായിരുന്നു, ശരീരമാസകലം മുറിവുകൾ ഉണ്ടാക്കും. മരുമകളാണ് കൂടുതലും ഉപ്രദ്രവിച്ചിരുന്നതെന്നും പെൺക്കുട്ടി പറഞ്ഞു.
പൊങ്കലിന് അവധി ലഭിച്ചപ്പോൾ പെൺകുട്ടി കല്ലുറിച്ചിയിലെ ഉളുന്ദൂർപേട്ടയിലുള്ള സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. ഈ സമയത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടവേ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ ഡോക്‌ടർമാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അതിനിടെ, തനിക്ക് സംഭവിച്ച ക്രൂരതകൾ വിവരിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെ എഎംഎംകെ ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ തുടങ്ങിയവർ സംഭവത്തില്‍ ശക്തമായി അപലപിച്ച് രംഗത്തെത്തി.