ബെംഗളൂരു : മുഖ്യമന്ത്രിയേയും ഡെപ്യൂട്ടി സിഎമ്മിനെയും കുറിച്ചുള്ള തുറന്ന ചര്‍ച്ചകളില്‍ നിന്ന് പാർട്ടി നേതാക്കളെ വിലക്കി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഡികെ ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്ന് വൊക്കലിഗ സമുദായത്തിെല മുഖ്യ പുരോഹിതൻ കുമാര ചന്ദ്രശേഖരനാഥ സ്വാമി പരസ്യമായി പറഞ്ഞത് പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമായതിന് പിന്നാലെയാണ് ഡികെ ശിവകുമാര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
'ഞങ്ങൾ കഠിനാധ്വാനത്തിലൂടെയാണ് പാർട്ടിയെ അധികാരത്തിലെത്തിച്ചത്. മുഖ്യമന്ത്രിയേയും ഡിസിഎമ്മിനെയും കുറിച്ച് തുറന്ന ചർച്ചകള്‍ വേണ്ട. നിങ്ങളുടെ വായ അടച്ചുവയ്‌ക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പാർട്ടി നോട്ടിസ് നൽകും. എനിക്ക് ആരുടെയും ശുപാർശ വേണ്ട, അനുഗ്രഹം മതി.'-ശനിയാഴ്‌ച സദാശിവനഗറിലെ വസതിക്ക് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഡികെ ശിവകുമാര്‍ പറഞ്ഞു.
എല്ലാ സ്വാമിജിമാർക്കും താൻ കൈകൂപ്പാറുണ്ട്. എന്നാല്‍ രാഷ്‌ട്രീയ കാര്യങ്ങളില്‍ ഇടപെടരുത്. ചന്ദ്രശേഖർ സ്വാമിജി തന്നോടുള്ള ആരാധന കൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞതെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി.
'നിലവില്‍ ഡിസിഎം ചർച്ചയും മുഖ്യമന്ത്രി ചര്‍ച്ചയും ഒന്നും തന്നെ ഇല്ല. ഇതിന് ആരുടെയും ശുപാർശ ആവശ്യമില്ല. ഞാനും മല്ലികാർജുന്‍ ഖാർഗെയും സിദ്ധരാമയ്യയും ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്. ഒരു എംഎൽഎയും അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല. അല്ലാത്തപക്ഷം എഐസിസിക്കും താനിക്കും നോട്ടിസ് പുറപ്പെടുവിക്കേണ്ടിവരും. ശ്രദ്ധിക്കുക.'- അദ്ദേഹം മുന്നറിയിപ്പ് നൽകി.
കര്‍ണാടകയില്‍ സമുദായാടിസ്ഥാനത്തിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരെ കൂടെ നൽകണമെന്ന് സഹകരണ മന്ത്രി കെ എൻ രാജണ്ണ അടുത്തിടെ തുറന്ന പ്രസ്‌താവന നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വർ, പിന്നാക്ക വിഭാഗ നേതാവ് മന്ത്രി സതീഷ് ജര്‍ക്കിഹോളി, ന്യൂനപക്ഷ മന്ത്രി ജമീർ അഹമ്മദ് ഖാൻ, ലിംഗായത്ത് സമുദായ മന്ത്രി എംബി പാട്ടീൽ എന്നിവരും പരോക്ഷമായി ഇതേ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു.
മറ്റ് ചില നേതാക്കള്‍ അഞ്ച് ഡിസിഎം തസ്‌തികകള്‍ വേണമെന്നും വാദിക്കുന്നുണ്ട്. പ്രാദേശികമായി ഡിസിഎം സ്ഥാനം ഉണ്ടാക്കിയാൽ സംഘടനയ്ക്ക് കരുത്ത് ലഭിക്കുമെന്നും അടുത്ത താലൂക്ക്, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് പാർട്ടിക്ക് ഗുണം ചെയ്യും എന്നുമാണ് ചിലരുടെ വാദം. നാദപ്രഭു കെംപഗൗഡയുടെ 515-ാം വാർഷിക പരിപാടിയിലാണ് വിശ്വ ഒക്കലിഗര മഹാസംസ്ഥാന മഠത്തിലെ ചന്ദ്രശേഖര സ്വാമിജി ഡികെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെ ചന്നഗിരി കോൺഗ്രസ് എംഎൽഎ ശിവഗംഗ ബസവരാജും ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യവുമായി രംഗത്ത് വന്നു. തുടര്‍ന്നാണ് ഡികെ ശിവകുമാര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.