ഹാവേരി: റോഡ്ഷോയ്ക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കോൺഗ്രസ് പ്രവർത്തകനെ തല്ലുന്ന വീഡിയോ വയറലായതിന് പിന്നാലെ വിവാദം. ഹാവേരിയിലെ സവനൂർ ടൗണിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിനോദ അസൂട്ടിക്ക് വേണ്ടി നടന്ന റോഡ്ഷോയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ബിജെപി കർണാടക ഘടകം എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
ഡികെ ശിവകുമാർ കാറിൽ നിന്ന് പുറത്തിറങ്ങുന്നതും നിരവധി കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ വളയുന്നതും വീഡിയോയിൽ കാണാം. തുടര്‍ന്ന് കോൺഗ്രസ് പ്രവർത്തകരിലൊരാൾ ശിവകുമാറിന്‍റെ തോളിൽ കൈവെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്‌തു.
ഈ സമയം ശിവകുമാർ പ്രവര്‍ത്തകന്‍റെ കൈ തട്ടി മാറ്റി അദ്ദേഹത്തെ അടിക്കുകയായിരുന്നു. മുനിസിപ്പൽ അംഗമായ അല്ലാവുദ്ദീൻ മണിയാര്‍ക്കാണ് തല്ല് കിട്ടിയത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഇതാദ്യമായല്ല കോൺഗ്രസ് പ്രവർത്തകരെ ഡികെ ശിവകുമാര്‍ ആക്രമിക്കുന്നതെന്ന് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ വീഡിയോ പങ്കുവെച്ച് കൊണ്ട് എഴുതി. നേതാവിന്‍റെ പ്രവര്‍ത്തിയില്‍ രൂക്ഷ വിമര്‍ശനവും അമിത് മാളവ്യ ഉന്നയിച്ചു.