പട്‌ന: സാധാരണ ഭിക്ഷാടകരിൽ നിന്ന് വ്യത്യസ്‌തനായിരുന്നു ബീഹാറിലെ ബേട്ടിയ റെയിൽവേ സ്‌റ്റേഷനിൽ ഭിക്ഷാടനം നടത്തിയിരുന്ന രാജു. കഴുത്തിൽ ക്യുആർ കോഡ് പ്ലക്കാർഡും തൂക്കി കയ്യിൽ ടാബും പിടിച്ച് ഭിക്ഷാടനം നടത്തുന്ന രാജു റെയിൽവേ സ്‌റ്റേഷനിലെത്തുന്ന യാത്രികർക്ക് കൗതുകമായിരുന്നു. എന്നാൽ രാജു ഇനി യാചിക്കാൻ വരില്ല. ഭിക്ഷാടനം നടത്തുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് (മെയ് 9) രാജു മരിച്ചത്.
ഭിക്ഷാടനം നടത്തുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ബേട്ടിയ ജിഎംസിഎച്ച് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് രാജുവിനെ ചികിത്സിച്ച ഡോക്‌ടർമാർ പറഞ്ഞു.
സ്വന്തമായി വീടില്ലാത്ത രാജു ഭിക്ഷ യാചിച്ചുകൊണ്ട് ഒരു സ്‌റ്റേഷനിൽ നിന്നും മറ്റൊന്നിലേക്ക് അലയാറാണ് പതിവ്. ആളുകൾ ചില്ലറ നൽകിയില്ലെങ്കിൽ ക്യുആർ കോഡ് കാണിച്ച് പണം നൽകാൻ പറയുകയാണ് രാജു ചെയ്യുന്നത്. ബുദ്ധിമാന്ദ്യമുള്ളതിനാൽ ഇയാൾക്ക് ജോലി നൽകാൻ ആരും തയ്യാറായിരുന്നില്ല. തുടർന്ന് ഭിക്ഷാടനം നടത്തി ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ലാലു യാദവിൻ്റെയും കടുത്ത ആരാധകനായിരുന്നു രാജു. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ മതിപ്പുളവാക്കിയാണ് ഇയാൾ ഡിജിറ്റൽ ഭിക്ഷാടനം ആരംഭിച്ചത്. മാത്രമല്ല, ഈ ഡിജിറ്റൽ യുഗത്തിൽ ആളുകളുടെ കൈയിൽ എല്ലായ്‌പ്പോഴും പണമുണ്ടാകാറില്ല. അതുകൊണ്ടാണ് താൻ ഭിക്ഷാടനത്തിനായി ഡിജിറ്റൽ മാർഗം സ്വീകരിച്ചതെന്നും രാജു മുൻപ് പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഭിക്ഷാടകൻ താനാണെന്നായിരുന്നു രാജുവിന്‍റെ വാദം.
Also Read: ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി കുഴഞ്ഞു വീണ് മരിച്ചു