ഹൈദരാബാദ്: ഒരു കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ കാണാതായതായി പരാതി. കാബ് ഡ്രൈവർ ആഭരണങ്ങൾ മോഷ്‌ടിച്ചെന്ന് 62കാരിയായ യാത്രക്കാരി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ മാസം 20ന് നടന്ന സംഭവം അടുത്തിടെയാണ് പുറത്തറിഞ്ഞത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്നുള്ള സ്‌ത്രീയുടെ കോടികൾ വിലമതിക്കുന്ന മൂന്ന് ഡയമണ്ട് നെക്ലേസുകളും മൂന്ന് ജോഡി ഡയമണ്ട് കമ്മലുകളുമാണ് കവർച്ച ചെയ്യപ്പെട്ടത്. ബെംഗളൂരുവിലെ മകളുടെ വസതിയിൽ നിന്നും തിരികെ ഹൈദരാബാദിലെ തൻ്റെ വീട്ടിലേക്ക് മടങ്ങുന്നതിടെ ആയിരുന്നു സംഭവമെന്ന് ആർജിഐഎ പൊലീസ് പറഞ്ഞു. ഷംഷാബാദ് എയർപോർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ.
പ്രീപെയ്‌ഡ് ടാക്‌സിയിലാണ് ഇവർ വീട്ടിലേക്ക് മടങ്ങിയത്. ഡയമണ്ട് നെക്ലേസുകളും കമ്മലുകളും ലോക്ക് ചെയ്യാത്ത സ്യൂട്ട്കേസിലാണ് സൂക്ഷിച്ചിരുന്നത്. ഇതിനിടെ സുരക്ഷിതമല്ലാത്ത ലഗേജുകൾ മുതലെടുത്ത കാബ് ഡ്രൈവർ വാഹനം വൃത്തിയാക്കാൻ എന്ന വ്യാജേന സ്യൂട്ട്‌കേസിൽ നിന്ന് ഒരു ബാഗ് വജ്രങ്ങൾ മോഷ്‌ടിച്ചതായാണ് പരാതിയിൽ പറയുന്നത്. തുടർന്ന് വയോധികയെ വീട്ടിൽ ഇറക്കിവിടുകയും ചെയ്‌തു.
പിന്നീട് കുടുംബാംഗങ്ങൾ സ്യൂട്ട്കേസ് പരിശോധിച്ചപ്പോഴാണ് വജ്രങ്ങൾ കാണാതായ വിവരം അറിയുന്നത്. കാബ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ആരോപിച്ച് ഇവർ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. കുറ്റവാളിയെ പിടികൂടാനും മോഷ്‌ടിച്ച ആഭരണങ്ങൾ വീണ്ടെടുക്കാനും സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ASLO READ: വിവാഹ ചടങ്ങിനിടെ ലക്ഷങ്ങൾ വിലവരുന്ന ആഭരണങ്ങൾ കവർന്നു ; സിസിടിവിയിൽ കുടുങ്ങി മോഷ്‌ടാക്കൾ