ന്യൂഡൽഹി : യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി വിമാനം പറത്തിയതിന് എയർ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി. ഇതിന് പുറമേ, എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്‌ടർക്ക് 6 ലക്ഷം രൂപയും ട്രെയിനിങ് ഡയറക്‌ടർക്ക് 3 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ദേശീയ സിവിൽ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎയാണ് പിഴ ചുമത്തിയത്.
കഴിഞ്ഞ ജൂലൈ ഒൻപതിന് ആണ് പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേർന്ന് മുംബൈയിൽ നിന്ന് റിയാദിലേക്ക് വിമാനം പറത്തിയത്. ട്രെയിനിങ് ക്യാപ്റ്റനൊപ്പം ട്രെയിനി പൈലറ്റ് വിമാനം പറത്തണമെന്നാണ് ചട്ടം. റിയാദിൽ എത്തിയ ശേഷം പരിശീലകൻ പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകുകയും വേണം.
എന്നാൽ പരിശീലകന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് പരിശീലകനല്ലാത്ത ക്യാപ്റ്റനെയാണ് കമ്പനി വിമാനം പറത്താനായി നിയോഗിച്ചത്. സംഭവം ഗുരുതര സുരക്ഷ വീഴ്‌ചയാണെന്ന് ഡിജിസിഎ കണ്ടെത്തിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട പൈലറ്റിന് ഡിജിസിഐ മുന്നറിയിപ്പ് നൽകി.
അന്വേഷണത്തില്‍ നിരവധി സുരക്ഷ വീഴ്‌ചകളും നിയമ ലംഘനങ്ങളും പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായും ഡിജിസിഐ പ്രസ്‌താവനയില്‍ വെളിപ്പെടുത്തി.
Also Read : എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി വ്യാജം; ടിഷ്യൂ പേപ്പറില്‍ ഭീഷണി എഴുതിയയാളെ കണ്ടെത്തിയില്ല