ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ യുട്യൂബർ ദുരൈമുരുഗൻ സട്ടായിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം നടപടികൾ എടുക്കുകയാണെങ്കിൽ എത്രപേരെ ശിക്ഷിക്കണമെന്ന് കോടതി ചോദിച്ചു. ജസ്‌റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.
അഭിഭാഷകനായ എം യോഗേഷ് കണ്ണയാണ് സട്ടായിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിലടയ്ക്കാൻ തുടങ്ങിയാൽ, എത്രപേരെ അകത്താക്കണമെന്ന് ഓർക്കണം. എന്താണ് അപകീർത്തികരമെന്ന് ആരാണ് അത് തീരുമാനിക്കുകയെന്നും ബെഞ്ച് തമിഴ്‌നാട് അഭിഭാഷകനോട് ആരാഞ്ഞു. പ്രതിഷേധിക്കുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ പരാതിക്കാരൻ തൻ്റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌തുവെന്ന് പറയാനാവില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
2021 നവംബറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അപകീർത്തിപ്പെടുത്തിയ കേസില്‍ ദുരൈ മുരുകന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ആർക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തില്ലെന്ന് ഉറപ്പിന്മേലായിരുന്നു കോടതി നടപടി. എന്നാല്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2022 ജൂണിൽ തമിഴ്‌നാട് സർക്കാർ കോടതിയെ സമീപിച്ചു. ഇതിന്മേലായിരുന്നു ദുരൈമുരുഗന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്.