ന്യൂഡല്‍ഹി: സംസ്ഥാനത്തെ കടുത്ത കുടിവെള്ള പ്രതിസന്ധിയ്ക്കിടെ പ്രധാന പൈപ്പ് ലൈനുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജലവിഭവമന്ത്രി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സഞ്ജയ് അറോറയ്ക്ക് കത്തയച്ചു. ഡല്‍ഹിയുടെ ജീവരേഖയായി മാറിയിരിക്കുന്ന ഭൂഗര്‍ഭ പൈപ്പുലൈനുകളില്‍ ചില സാമൂഹ്യവിരുദ്ധര്‍ ദുരുദ്ദേശ്യത്തോടെ ഇടപെടുന്നുവെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ തന്നെ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന ഡല്‍ഹി നിവാസികള്‍ക്ക് പൈപ്പ് ലൈനുകളില്‍ ഉണ്ടാകുന്ന അട്ടിമറിയോ തട്ടിപ്പോ പോലുള്ള പ്രവൃത്തികള്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഡല്‍ഹി ജലബോര്‍ഡിന്‍റെ നിരീക്ഷണ സംഘങ്ങള്‍ ജലവിതരണ ശൃംഖലകളില്‍ പരിശോധന നടത്തുന്നുണ്ട്. വെള്ളം ശേഖരിച്ച് ജല ശുദ്ധീകരണശാലകളിലേക്കും അവിടെ നിന്ന് നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഭൂഗര്‍ഭ റിസര്‍വോയറുകളിലും എത്തിക്കുന്ന ജല ശൃംഖലയ്ക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എഡിഎമ്മുമാരുടെ മേല്‍നോട്ടത്തിലാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചിലയിടങ്ങളില്‍ ജവിതരണ പൈപ്പ് ലൈനുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം വലിയ ചോര്‍ച്ച കണ്ടെത്തിയിരുന്നു. സോണിയ വിഹാറില്‍ നിന്ന് ദക്ഷിണ ഡല്‍ഹിയിലെ പ്രധാന ജല ശുദ്ധീകരണ കേന്ദ്രത്തിലേക്ക് വെള്ളം എത്തിക്കുന്ന ലൈനിലാണ് ചോര്‍ച്ച ഉണ്ടായത്.
ഗാര്‍ഹി മേധിലെ ഡിടിഎല്‍ സബ്‌സ്റ്റേഷന് സമീപമാണ് ഇത് കണ്ടെത്തിയത്. പൈപ്പ് ലൈനില്‍ നിന്ന് നിരവധി വലുതും ചെറുതുമായ കൊളുത്തുകള്‍ ഊരി മാറ്റിയിരിക്കുന്നതായി കണ്ടെത്തി. ഇതാണ് വെള്ളം ചോരാന്‍ ഇടയാക്കിയത്.
ആറ് മണിക്കൂറോളം പരിശ്രമിച്ചാണ് ചോര്‍ച്ച പരിഹരിച്ചത്. ഈ സമയമത്രയും വെള്ളം വിതരണം ചെയ്യാനായില്ല. ഇതോടെ 25 ശതമാനത്തോളം ജലദൗര്‍ലഭ്യം കൂടി അനുഭവപ്പെട്ടുവെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. പതിനഞ്ച് ദിവസം പൈപ്പ് ലൈനുകള്‍ക്ക് സംരക്ഷം നല്‍കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
Also Read: 'മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വെള്ളം ഒഴുക്കിവിടണം'; ഹരിയാനയോട് അഭ്യർഥനയുമായി ഡല്‍ഹി സര്‍ക്കാര്‍