ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് ഡൽഹി പൊലീസ് സമന്‍സ് അയച്ചു. മെയ് ഒന്നിന് മൊബൈൽ ഫോണുമായി ഡൽഹി പൊലീസിന്‍റെ ഐഎഫ്എസ്ഒ യൂണിറ്റിന് (സൈബർ യൂണിറ്റ്) മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. അമിത് ഷായുടെ വ്യാജ വീഡിയോ എക്‌സിൽ പോസ്‌റ്റ് ചെയ്യാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന മൊബൈൽ ഫോണാണ് എത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഡൽഹി പൊലീസ് ഞായറാഴ്ച കേസെടുത്തതിന് പിന്നാലെയാണ് രേവന്ദ് റെഡ്ഡിക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.