ന്യൂഡൽഹി: റോഡിൽ നമസ്‌കരിക്കുന്നവരെ പൊലീസ് ഉദ്യോഗസ്ഥൻ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തെ അപലപിച്ച് ഡൽഹി പൊലീസ്. ഇന്ദർലോക് റോഡിൽ നമസ്‌കാരം അർപ്പിക്കുന്ന ഏതാനും പേരെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മർദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവത്തെ തുടര്‍ന്ന് സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതിനിടയിൽ ആരോപണവിധേയമായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഡൽഹി ഡിസിപി എക്‌സില്‍ കുറിച്ചു.
'ക്രമസമാധാനപാലനത്തിൽ വടക്കുകിഴക്കൻ ജില്ലയിലെ ജനങ്ങൾ എപ്പോഴും പൊലീസിനെ പിന്തുണച്ചിട്ടുണ്ട്. ഇന്ദർലോക് സംഭവത്തെ ഞങ്ങൾ അപലപിക്കുന്നു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമുദായിക സൗഹാർദം നിലനിർത്താനും കിംവദന്തികൾക്ക് ചെവികൊടുക്കാതിരിക്കാനും ഞങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുന്നു, നോർത്ത് ഈസ്റ്റ് ഡൽഹി ഡിസിപി എക്‌സില്‍ കുറിച്ചു.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) മനോജ് കുമാർ മീണ, കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടി സ്വീകരിച്ചതായും സംഭവത്തെത്തുടർന്ന് പൊലീസ് പോസ്റ്റ് ഇൻചാർജിനെ സസ്പെൻഡ് ചെയ്‌തതായും പറഞ്ഞു. 'വീഡിയോയിൽ കണ്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കർശനമായ അച്ചടക്ക നടപടി സ്വീകരിച്ചുവരികയാണ്. പ്രദേശത്ത് സ്ഥിതിഗതികൾ സാധാരണമാണ്, വീഡിയോ വൈറലായതിന് പിന്നാലെ നോർത്ത് ഡിസിപി പറഞ്ഞു.
എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ പ്രവൃത്തിയുടെ പേരിൽ സസ്‌പെൻഡ് ചെയ്യുന്നത് പര്യാപ്‌തമല്ലെന്ന് ആം ആദ്‌മി പാർട്ടി എംഎൽഎ അബ്‌ദുൾ റഹ്മാൻ ഡൽഹി നിയമസഭയിൽ സംഭവത്തെ ഉന്നയിച്ചു. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും എഎപി എംഎൽഎ ആവശ്യപ്പെട്ടു.