ന്യൂഡൽഹി : അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച ആംആദ്‌മി മുന്‍ എംഎല്‍എ സന്ദീപ് കുമാറിന് ഹൈക്കോടതി വിമര്‍ശനം. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹര്‍ജി സമർപ്പിച്ചതെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. ഹർജിക്കാരന് കനത്ത പിഴ നല്‍കേണ്ടതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സമാനമായ ഹർജികൾ നേരത്തെ പരിഗണിച്ചിരുന്ന ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് മൻമോഹന്‍റെ ബെഞ്ചിലേക്ക് സന്ദീപ് കുമാറിന്‍റെ ഹര്‍ജിയും മാറ്റുന്നതിനിടെയാണ് ജസ്‌റ്റിസ് സുബ്രമോണിയം പ്രസാദിന്‍റെ പരാമര്‍ശം. ഇത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്ന് ജസ്‌റ്റിസ് പ്രസാദ് പറഞ്ഞു. സമാനമായ കേസുകള്‍ ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് മുമ്പ് തീർപ്പാക്കിയിട്ടുണ്ട്. അതിനാല്‍ ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഈ ഹർജി ലിസ്‌റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതി കേസില്‍ അറസ്‌റ്റിലായ കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ കടമ നിര്‍വഹിക്കാന്‍ പ്രാപ്‌തനല്ല എന്നായിരുന്നു എഎപി മുന്‍ എംഎൽഎ സന്ദീപ് കുമാർ ഹർജിയിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഭരണഘടനാ സംവിധാനത്തെ സങ്കീർണ്ണമാക്കുന്നു എന്നും ഭരണഘടനാ വിധിയനുസരിച്ച് അദ്ദേഹത്തിന് ജയിലിൽ കിടന്ന് മുഖ്യമന്ത്രിയായി പ്രവർത്തിക്കാനാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് ഏപ്രിൽ 10- ന് വാദം കേൾക്കുന്നതിനായാണ് ലിസ്‌റ്റ് ചെയ്യുക.
അതേസമയം ഡല്‍ഹി മദ്യനയ കേസില്‍ മാർച്ച് 21-ന് ഇഡി അറസ്‌റ്റ് ചെയ്‌ത കെജ്‌രിവാൾ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരും. നിലവിൽ തിഹാർ ജയിലില്‍ കഴിയുകയാണ് കെജ്‌രിവാള്‍. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ഏപ്രിൽ 4 -ന് ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് മൻമോഹൻ, ജസ്‌റ്റിസ് മൻമീത് പിഎസ് അറോറ എന്നിവരുടെ ബെഞ്ച് വിഷയത്തിൽ പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി തുടരുന്നത് കെജ്‌രിവാളിന്‍റെ വ്യക്തിപരമായ തീരുമാനമാണ് എന്നായിരുന്നു കോടതി നിരീക്ഷണം.