ന്യൂഡൽഹി : മുഖ്യമന്ത്രി പദം ഒഴിയാന്‍ തായാറാകാത്ത അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. അറസ്‌റ്റിന് ശേഷവും കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുന്നത് ദേശീയ താത്പര്യത്തിന് മുകളില്‍ രാഷ്‌ട്രീയ താത്പര്യം നില്‍ക്കുന്നത് കൊണ്ടാണെന്ന് കോടതി വിമര്‍ശിച്ചു. അധികാരത്തിലാണ് ഡൽഹി സർക്കാരിന് കൂടുതല്‍ താത്പര്യമെന്നും കോടതി പറഞ്ഞു.
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പുസ്‌തക വിതരണം നടക്കാത്ത വിഷയം പരഗണിക്കവേയാണ് ഡൽഹി ഹൈക്കോടതിയുടെ വിമർശനം. പുസ്‌തക വിതരണത്തിന്, കസ്‌റ്റഡിയില്‍ കഴിയുന്ന കെജ്‌രിവാളിന്‍റെ ചില അനുമതികൾ ആവശ്യമാണെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞതിന് പിന്നാലെയാണ് കോടതിയുടെ പരാമര്‍ശം.
പഠിക്കുന്ന കുട്ടികളുടെയും താത്പര്യത്തിന് മുകളിലാണ് നിങ്ങൾ നിങ്ങളുടെ രാഷ്‌ട്രീയ താത്പര്യം സ്ഥാപിച്ചിരിക്കുന്നത് എന്നത് വ്യക്തമാണെന്നും ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് മൻമോഹൻ, ജസ്‌റ്റിസ് മൻമീത് പി എസ് അറോറ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ദേശീയ താത്പര്യമാണ് പരമോന്നതമെന്ന് മാന്യമായി പറയുകയാണ് ഇത് വരെ കോടതി ചെയ്‌തത്. ഇപ്പോള്‍ തെറ്റ് മനസിലായി എന്ന് പറഞ്ഞ കോടതി തിങ്കളാഴ്‌ച കേസിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് വേണ്ടിയല്ല താന്‍ ഹാജരായത് എന്ന് വ്യക്തമാക്കിയ സർക്കാർ അഭിഭാഷകൻ, വിദ്യാഭ്യാസ സാമഗ്രികൾ വിതരണം ചെയ്യാത്ത പ്രശ്‌നം ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) കമ്മിഷണർ ഔപചാരികമായി അറിയിച്ചാല്‍ പരിഹരിക്കുമെന്ന് കോടതിക്ക് ഉറപ്പ് നൽകി.
പുസ്‌തകങ്ങളുടെയും മരുന്നുകളുടെയും വിതരണവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ നിലവില്‍ സ്‌തംഭിച്ച് നില്‍ക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികള്‍ക്കും രോഗികള്‍ക്കും വേണ്ടി ഡല്‍ഹി സര്‍ക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. പുതിയ അക്കാദമിക് വര്‍ഷം ആരംഭിച്ചിട്ടും എംസിഡി സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സാമഗ്രികളും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ ജൂറിസ്റ്റിസ് എന്ന എൻജിഒ ആണ് പൊതുതാത്‌പര്യ ഹർജി സമര്‍പ്പിച്ചത്.