ന്യൂഡൽഹി: വിവാഹിതരാണെങ്കിലും അല്ലെങ്കിലും പ്രായപൂർത്തിയായ രണ്ട് പേർക്കിടയിലെ ഉഭയ സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധത്തില്‍ യാതൊരു തെറ്റുമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ വിവാഹിതനായ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
പ്രതി വിവാഹിതനാണെന്ന് അറിഞ്ഞതിന് ശേഷവും ബന്ധം തുടരാനുള്ള പരാതിക്കാരിയുടെ തീരുമാനം പ്രഥമദൃഷ്‌ട്യാ സമ്മതമാണ് സൂചിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി ബലപ്രയോഗം നടത്തിയതിന് തെളിവുകളൊന്നും ഇല്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹത്തിന്‍റെ പരിധിക്കുള്ളിൽ നിന്ന് തന്നെ ലൈംഗിക ബന്ധം ഉണ്ടാകണമെന്ന് സാമൂഹിക നിയമം അനുശാസിക്കുന്നുണ്ടെങ്കിലും, പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്കിടയിൽ നടക്കുന്ന ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഒരു തെറ്റുമില്ല. അവര്‍ വിവാഹിതരാണോ അല്ലയോ എന്നതും ഇവിടെ പരിഗണിക്കേണ്ടതില്ല '- ജസ്‌റ്റിസ് അമിത് മഹാജൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
സംഭവം നടന്ന് ഏകദേശം പതിനഞ്ച് മാസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതെന്നും പരാതിക്കാരിയുടെ നടപടികളില്‍ യാതൊരു സമ്മർദവും ഉണ്ടായതായി കാണുന്നില്ലെന്നും ഉത്തരവിൽ കോടതി നിരീക്ഷിച്ചു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ക്രൂരമാണെങ്കിലും, ജയില്‍ എന്നത് ശിക്ഷ നടപടിയല്ല, മറിച്ച് വിചാരണ വേളയിൽ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള ഉപാധിയാണെന്നും കോടതി പറഞ്ഞു.
ലൈംഗികാതിക്രമവും ബലപ്രയോഗവും സംബന്ധിച്ച തെറ്റായ ആരോപണങ്ങൾ പ്രതികളുടെ അന്തസിന് കളങ്കം വരുത്തുക മാത്രമല്ല, യഥാർത്ഥ കേസുകളുടെ വിശ്വാസ്യത തകർക്കുകയും ചെയ്യുന്നതാണ്. അതിനാൽ ഓരോ കേസിലും പ്രതികൾക്കെതിരായ പ്രഥമദൃഷ്‌ട്യാ ഉള്ള ആരോപണങ്ങൾ വിലയിരുത്തുന്നതിൽ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.
പ്രതി 34 വയസ് പ്രായമുള്ള, ഭാര്യയും രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുമുള്ള ആളാണെന്നും 2023 മാർച്ച് മുതൽ ഇയാള്‍ കസ്‌റ്റഡിയിലാണെന്നും കോടതി നിരീക്ഷിച്ചു. ഇദ്ദേഹത്തെ ജയിലിൽ പാർപ്പിക്കുന്നതിൽ പ്രയോജനകരമായി ഒന്നുമില്ലെന്നും ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞു.