ഡൽഹി: പ്രതിപക്ഷ മുന്നണിയായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസ് 'ഇന്ത്യ' എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നതിൽ നിന്ന് അവരെ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികരിക്കാൻ കേന്ദ്രസർക്കാരിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും ഡൽഹി ഹൈക്കോടതി ചൊവ്വാഴ്‌ച (02-04-2024) അവസാന അവസരം നൽകി.
ഇന്ത്യ എന്ന ചുരുക്കപ്പേരിലൂടെ പാർട്ടികൾ നമ്മുടെ രാജ്യത്തിന്‍റെ പേരിൽ അനാവശ്യ മുതലെടുപ്പ് നടത്തുന്നുവെന്ന പൊതുതാൽപര്യ ഹർജിയിൽ ഒരാഴ്‌ചയ്ക്കകം മറുപടി നൽകണമെന്ന് ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് മൻമോഹൻ, ജസ്‌റ്റിസ് മൻമീത്, പി എസ് അറോറ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഹർജിയിൽ വാദം കേൾക്കുന്ന തീയതി നീട്ടിവെക്കാൻ വിസമ്മതിച്ച ഹൈക്കോടതി, ഹർജി ഏപ്രിൽ 10 ന് കേൾക്കാനും തീർപ്പാക്കാനും ശ്രമിക്കുമെന്ന് അറിയിച്ചു. ബന്ധപ്പെട്ട കക്ഷികൾക്ക് ഒരാഴ്‌ചയ്ക്കുള്ളിൽ മറുപടി നൽകാന്‍ അവസാന അവസരം നൽകിയിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു.
2023 ഓഗസ്‌റ്റ് ന് നല്‍കിയ ഹർജി തീർപ്പ് കൽപ്പിക്കുന്നില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഗിരീഷ് ഭരദ്വാജ് ആണ് ഹർജി നല്‍കിയത്. കേന്ദ്ര സർക്കാരിനും പ്രതിപക്ഷ പാർട്ടികൾക്കും ഇതിനകം എട്ട് അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ അവർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വൈഭവ് സിങ് പറഞ്ഞു. വിഷയത്തിൽ ഇസിഐ മറുപടി സമർപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ സിദ്ധാന്ത് കുമാർ കോടതിയെ അറിയിച്ചു.
മറുപടി നൽകാൻ ഒരാഴ്‌ചയോ 10 ദിവസമോ കൂടുതൽ സമയം നൽകണമെന്ന് 2023 നവംബറിൽ കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നിവയുൾപ്പെടെ ഒമ്പത് രാഷ്‌ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി, ഹർജിക്കെതിരെ പ്രാഥമിക എതിർപ്പുകളുണ്ടെന്നും സുപ്രീം കോടതി ഇതിനോടകം തന്നെ വിഷയം കൈകാര്യം ചെയ്‌തിട്ടുണ്ടെന്നും പറഞ്ഞു.
26 രാഷ്‌ട്രീയ പാർട്ടികൾ ഇന്ത്യ എന്ന ചുരുക്കപ്പേരിൽ ഉപയോഗിക്കുന്നത് സ്‌റ്റേ ചെയ്യണമെന്നും, പ്രതിപക്ഷ രാഷ്‌ട്രീയ സഖ്യം ഇന്ത്യ എന്ന ചുരുക്കപ്പേരിൽ ദേശീയ പതാക ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ആം ആദ്‌മി പാർട്ടി, ജനതാദൾ (യുണൈറ്റഡ്), രാഷ്‌ട്രീയ ജനതാദൾ, ഝാർഖണ്ഡ് മുക്തി മോർച്ച, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ), ശിവസേന (യുബിടി), സമാജ്‌വാദി പാർട്ടി, രാഷ്‌ട്രീയ ലോക്‌ദൾ, അപ്‌നാ ദൾ തുടങ്ങിയ രാഷ്‌ട്രീയ പാർട്ടികളാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.