ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവ് കെ. കവിത നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയില്‍ വരാതെ വിചാരണക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കവിതയുടെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം റിട്ട് ഹര്‍ജിയുമായാണ് കവിത സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നതിന് വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ടെന്നും, അത് അവലംബിക്കണമെന്നും കവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി (Plea By BRS's K Kavitha).
വികാരഭരിതരാകരുത്, ഇതിന് സമയമെടുക്കും. ജാമ്യം സംബന്ധിച്ച് നിങ്ങൾ വിചാരണ കോടതിയിൽ പോകണമെന്നും കവിതയുടെ അഭിഭാഷകനോട് ബെഞ്ച് പറഞ്ഞു. ഒരു രാഷ്ട്രീയ വ്യക്തി ഉൾപ്പെട്ടിരിക്കുന്നതിനാലോ, അല്ലെങ്കിൽ ആ വ്യക്തിക്ക് നേരിട്ട് സുപ്രീം കോടതിയിൽ വരാൻ കഴിയുമെന്നതിനാലോ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
വാദത്തിൻ്റെ തുടക്കത്തിൽ തന്നെ "ദയവായി ഞങ്ങളോട് ഹൈക്കോടതിയെ സമീപിക്കാൻ പറയരുത്. ഹേമന്ത് സോറൻ്റെ കേസിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ" എന്ന് സിബൽ ബെഞ്ചിന് മുമ്പാകെ പറഞ്ഞിരുന്നു. തനിക്ക് സമൻസ് അയച്ചതിന് ശേഷം 2023 സെപ്റ്റംബറിൽ സുപ്രീം കോടതിയിൽ ഇഡി നൽകിയ പ്രസ്‌താവനയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്നാല്‍ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തെ സംബന്ധിച്ചിടത്തോളം രണ്ട് കാര്യങ്ങളുണ്ടെന്നും കോടതി ഇതിനകം പരിശോധിച്ചുകൊണ്ടിരിക്കുന്നതിനാൽ കവിതയുടെ ഹർജി വൈകാതെ പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് അഭിഭാഷകനെ അറിയിച്ചു. എന്നാല്‍ ഇതിന് സമയം വേണ്ടിവരുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാരനായതിനാലും നടപടി ക്രമങ്ങൾ മറികടക്കാൻ കഴിയില്ലെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു (SC Refuses To Entertain A Plea By BRS's K Kavitha).
വാദം കേട്ടശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ സാധുത ചോദ്യം ചെയ്‌ത കവിതയുടെ ഹർജിയിൽ, ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചു. ആറാഴ്‌ചയ്ക്കകം മറുപടി നൽകണമെന്നാണ് ആവശ്യം. അതേസമയം, ഇതേ മാര്‍ഗത്തില്‍ തന്നെയാണ് അരവിന്ദ് കെജ്‌രിവാളും കോടതിയില്‍ ഹാജരായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇഡി അറസ്റ്റ് ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹർജി ഇന്നുതന്നെ കോടതി പരിഗണിക്കും.
ഡൽഹി സർക്കാരിൻ്റെ മദ്യനയത്തിൽ കൃത്രിമം കാണിച്ചതിന് മാർച്ച് 15ന് ഹൈദരാബാദിലെ വസതിയിൽ നിന്നാണ് കെ. കവിതയെ ഇഡി അറസ്റ്റ് ചെയ്‌തത്. റെയ്‌ഡിന് ശേഷം ഒരു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്‌റ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, 2002 ലെ വ്യവസ്ഥ പ്രകാരം ശിക്ഷാർഹമായ ഒരു കുറ്റകൃത്യത്തിൽ അവർ പങ്കാളിയാണ് എന്ന് അറസ്‌റ്റ് ഉത്തരവിൽ, ഇഡിയുടെ അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.
ഡൽഹിയിലെ രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും 100 കോടി രൂപ അനധികൃതമായി നൽകിയ സൗത്ത് ലോബിയുടെ ഭാഗമാണ് കവിതയെന്നും ഇഡി ആരോപിച്ചു. 45 കാരിയായ ബിആർഎസ് എംഎൽസിക്ക് ഇഡി സമൻസ് അയച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് നടപടിയുണ്ടാകുന്നത്. മാർച്ച് 23 വരെ കവിതയെ കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.