ന്യൂഡല്‍ഹി : ചൈനീസ് വിസ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന് ജാമ്യം. ഇന്ന് (ജൂണ്‍ 6) രാവിലെയാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. ഇഡി, സിബിഐ പ്രത്യേക കോടതി ജഡ്‌ജി കാവേരി ബവേജയാണ് ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് കോടതി, ഇളവ് അനുവദിച്ചത്. കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം പരിഗണിക്കവേയാണ് പ്രതിക്കെതിരെ കോടതി സമന്‍സ് അയച്ചത്. ഇതേ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോഴാണ് ചിദംബരത്തിന്‍റെ ഹര്‍ജി പരിഗണിച്ച കോടതി ജാമ്യം അനുവദിച്ചത്.
2011ൽ പഞ്ചാബിലെ താപ വൈദ്യുതി നിലയത്തിന്‍റെ നിർമാണത്തിന് 250 ചൈനീസ് പൗരന്മാരുടെ വിസ പുതുക്കാൻ കാർത്തി ചിദംബരം കോഴ വാങ്ങിയെന്നതാണ് കേസ്. 50 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായാണ് സിബിഐയുടെ കണ്ടെത്തൽ.
താപ വൈദ്യുതി നിലയത്തിന്‍റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ചൈനയിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകർക്ക് വിസ നൽകാനും, നിലവിലുള്ളവർക്ക് വിസ നീട്ടാനും കരാർ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. എന്നാൽ ഇതിൽ തടസം നേരിട്ടതോടെ കമ്പനി കാർത്തി ചിദംബരം വഴി ഇടപെടലിന് നീക്കം നടത്തി. തുടര്‍ന്ന് ഒരു മാസത്തിനുള്ളിൽ 263 പേർക്ക് വിസയും ലഭിച്ചു. ഇതിനായി കമ്പനി കാർത്തിക്ക് 50 ലക്ഷം രൂപ നൽകിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.