ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ജൂലൈ 18 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. നിലവിൽ തീഹാർ ജയിലിൽ കഴിയുന്ന കവിതയെ വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രത്യേക സിബിഐ ജഡ്‌ജി കാവേരി ബവേജയാണ് കേസ് പരിഗണിച്ചത്.
എന്നാൽ റിമാൻഡ് കാലാവധി നീട്ടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയെ കവിതയുടെ അഭിഭാഷകൻ പി മോഹിത് റാവു എതിർത്തിരുന്നു. ഇതിനോടകം സിബിഐ സമർപ്പിച്ച കുറ്റപത്രം ജൂലൈ 6 ന് പരിഗണിയ്ക്കാനിരിക്കുന്നതിനിടെയാണ് കവിതയുടെ റിമാൻഡ് കാലാവധി 14 ദിവസം കൂടി നീട്ടിയത്.
മദ്യനയ അഴിമതിക്കേസിൽ ജൂൺ 7 ന് മൂന്നാം തവണയും സിബിഐ ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നു. കേസിൽ സിബിഐയുടെയും ഇഡിയുടെയും ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബിആർഎസ് നേതാവ്. മാർച്ച് 15ന് ഇഡിയാണ് കവിതയെ ആദ്യം അറസ്റ്റ് ചെയ്‌തത്. പിന്നീട് ഏപ്രിൽ 11 ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ഇഡിയും കവിതയ്‌ക്കെതിരെ ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നു.
Also Read: മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്‌തു