ഡൽഹി : സിവിൽ സർവീസ് കോച്ചിങ് സെൻ്ററിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിക്കുന്ന യുപിഎസ്‌സി ഉദ്യോഗാർഥികളെ സന്ദർശിച്ച് എഎപി എംപി സഞ്ജയ് സിങ് മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഡൽഹി സർക്കാരും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും (എംസിഡി) ചേർന്ന് 10 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ വിദ്യാർഥികളുടെ സ്‌മരണയ്ക്കായി ലൈബ്രറി കെട്ടിടം നിർമിക്കുന്നതിനായി മൂന്ന് കോടി രൂപ സംഭാവന ചെയ്യുമെന്ന് എഎപി എംപി പറഞ്ഞു. ഇന്നലെ വൈകുന്നേരം രജീന്ദർ നഗറിൽ എത്തിയാണ് പ്രതിഷേധക്കാരുമായി സഞ്ജയ് സിങ് സംസാരിച്ചത്.
"പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വീതം ലൈബ്രറി കെട്ടിടം നിർമിക്കാൻ താൻ നൽകും. കോച്ചിങ് സെൻ്ററുകൾ നിയന്ത്രിക്കുന്നതിനായി സർക്കാർ നിയമം ഉണ്ടാക്കാൻ തീരുമാനിക്കുകയും അതിൽ വിദ്യാർഥികളുടെ നിർദേശങ്ങളും ഉൾപ്പെടുത്തും. ഇതിനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിയമം നിർമിക്കുന്നതിനുള്ള പ്രക്രിയയിൽ 10 വിദ്യാർഥികളെ ഉൾപ്പെടുത്തുകയും കരട് തയ്യാറാക്കി ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ ആവശ്യങ്ങളോട് ഒന്നൊന്നായി പ്രതികരിച്ച രാജ്യസഭ എംപി കോച്ചിങ് സെൻ്റർ ഉടമകളും സർക്കാരും ചേർന്ന് ഒരു ക്ഷേമനിധി രൂപീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇതിലൂടെ വിദ്യാർഥികളെ സഹായിക്കാനാകും. മാത്രമല്ല വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കുന്നതിനു വേണ്ടി ഒരു സ്ഥിര സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രജീന്ദർ നഗർ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന വിദ്യാർഥികളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരു ക്യാബിനറ്റ് മന്ത്രി കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു. ഡൽഹി പൊലീസ് ഈ ദൃശ്യങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍റര്‍ ദുരന്തം; 2 പേര്‍ അറസ്റ്റില്‍