ന്യൂഡൽഹി: രാജി പ്രഖ്യാപനത്തിന് പിന്നാലെ ലഫ്റ്റനന്‍റ് ഗവർണർ വികെ സക്‌സേനയുമായി കൂടിക്കാഴ്‌ച നടത്താനൊരുങ്ങി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നാളെ (സെപ്‌റ്റംബര്‍ 17) വൈകുന്നേരം സെക്രട്ടേറിയറ്റിൽ വച്ചാണ് യോഗം നടക്കുക. കെജ്‌രിവാൾ നാളെ സ്ഥാനം ഒഴിയുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം ആംആദ്‌മി പാർട്ടിയുടെ രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന് (സെപ്‌റ്റംബര്‍ 16) ചേരും.
അടുത്ത ഡൽഹി മുഖ്യമന്ത്രി ആരെന്ന കാര്യവും രാഷ്‌ട്രീയകാര്യസമിതി യോഗം ചർച്ച ചെയ്തേക്കും. കെജ്‌രിവാൾ ജയിൽ മോചിതനായ ശേഷമുള്ള ആദ്യ യോഗമായതിനാല്‍ വരാനിരിക്കുന്ന ഹരിയാന തെരഞ്ഞെടുപ്പും അജണ്ടയിലുണ്ടാകുമെന്നാണ് വിവരം. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍മോചിതനായതിന് പിന്നാലെയാണ് കെജ്‌രിവാൾ രാജിപ്രഖ്യാപനം നടത്തിയത്. നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നതുവരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ലെന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.
നവംബറില്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്താനും കെജ്‌രിവാള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. പൊതുജനങ്ങളാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ തന്‍റെ സത്യസന്ധതയ്ക്കുള്ള സർട്ടിഫിക്കറ്റ് ആകും അതെന്നാണ് കെജ്‌രിവാൾ പറഞ്ഞത്. എന്നാല്‍ കെജ്‌രിവാളിന്‍റെ നീക്കങ്ങള്‍ കേവലം പിആർ സ്റ്റണ്ട് ആണെന്നാണ് ബിജെപിയുടെ പ്രതികരണം.
Also Read: കെജ്‌രിവാളിന് ശേഷം എന്ത്? തലസ്ഥാനം ഇനി ആര് ഭരിക്കും?; സാധ്യത പട്ടികയില്‍ ഇവരൊക്കെ...