ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് 8 വരെ നീട്ടി. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട സിബിഐ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കെജ്‌രിവാളിനെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് (ജൂലൈ 25) അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്.
ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ തൻ്റെ അഭിഭാഷകരുമായി സംസാരിക്കണമെന്നുളള അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ജൂലൈ 18 ലേക്ക് ഡൽഹി ഹൈക്കോടതി ഉത്തരവ് മാറ്റിവച്ചിരുന്നു. എന്നാൽ ജയിൽ അധികൃതരുടെയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെയും (ഇഡി) അഭിഭാഷകൻ അദ്ദേഹത്തിൻ്റെ ഹർജിയെ എതിർത്തു.
കക്ഷികളുടെ അഭിഭാഷകരുടെ വാദങ്ങൾ കേട്ട ശേഷം ജസ്‌റ്റിസ് നീന ബൻസാൽ കൃഷ്‌ണ ഹർജിയിൽ ഉത്തരവ് പറയുന്നതിനായി കേസ് മാറ്റിവച്ചു. അരവിന്ദ് കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകനായ രമേഷ് ഗുപ്‌തയാണ് ഹാജരായത്.