ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിനെതിരെയുളള മാനനഷ്‌ടക്കേസ് സെപ്റ്റംബർ 21ന് പരിഗണിക്കുന്നതിലേക്ക് മാറ്റി. ഡൽഹി റൂസ് അവന്യൂ കോടതിയാണ് കേസ് മാറ്റിവച്ചത്. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറാണ് ശശി തരൂരിനെതിരെ മാനനഷ്‌ട കേസ് നല്‍കിയത്.
ഏപ്രിൽ 10ന് തിരുവനന്തപുരത്തെ ഘടകകക്ഷികൾക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ശശി തരൂരിനെതിരെ രാജീവ് ചന്ദ്ര ശേഖര്‍ പരാതി നല്‍കിയത്. പ്രധാന വോട്ടർമാർക്കും ഇടവക വൈദികർ ഉൾപ്പെടെയുള്ള വ്യക്തികൾക്കും കൈക്കൂലി നൽകിയെന്നുളള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
തരൂർ പറഞ്ഞത് ഞെട്ടലുളവാക്കിയെന്ന് പ്രമുഖ ന്യൂസ് ചാനലിന് ചന്ദ്രശേഖർ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തരൂർ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം വക്കീൽ നോട്ടിസിൽ ചന്ദ്രശേഖർ ആവശ്യപ്പെട്ടിരുന്നത്.
രാജീവ് ചന്ദ്രശേഖറിനെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരം പ്രസ്‌താവന തരൂർ നടത്തിയതെന്ന് വക്കീൽ നോട്ടിസിൽ പറയുന്നു. തിരുവനന്തപുരത്തെ വോട്ടർമാരെ സ്വാധീനിക്കുന്നതിനായാണ് ശശി തരൂർ ആരോപണങ്ങൾ കെട്ടിച്ചമച്ചതും പ്രചരിപ്പിച്ചതും. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതെന്നുളളത് തന്നെ ഭയപ്പെടുത്തുവെന്ന് അദ്ദേഹം വക്കീൽ നോട്ടിസിൽ പറഞ്ഞു.