ബെംഗളൂരു : ബിജെപി നൽകിയ മാന നഷ്‌ടക്കേസിൽ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. മുഖ്യധാരാ പത്രങ്ങളിൽ അപകീർത്തികരമായ പരസ്യം നൽകിയതിന്‍റെ പേരില്‍ കർണാടക യൂണിറ്റ് നല്‍കിയ പരാതിയിലാണ് രാഹുലിന് ബെംഗളൂരു പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യത്തിൽ, അന്നത്തെ ബിജെപി സർക്കാർ 2019-2023 ഭരണകാലത്ത് വലിയ തോതിലുള്ള അഴിമതിയിൽ ഏർപ്പെട്ടിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും എതിരെയും കേസെടുത്തിരുന്നു. ജൂൺ ഒന്നിന് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. ജൂൺ ഏഴിന് രാഹുല്‍ ഗാന്ധിയോട് കോടതിയിൽ ഹാജരാകാൻ ജഡ്‌ജി കെ എൻ ശിവകുമാർ നിർദേശിച്ചിരുന്നു.
2023 മേയിൽ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസ് ഉന്നയിച്ച '40 ശതമാനം കമിഷൻ സര്‍ക്കാര്‍' ആരോപണത്തിൽ ബിജെപി എംഎൽസിയും കർണാടക ജനറൽ സെക്രട്ടറിയുമായ കേശവ് പ്രസാദ് നൽകിയ പരാതിയിലാണ് രാഹുലിനെതിരെ മാന നഷ്‌ടക്കേസെടുത്തത്. സംസ്ഥാനത്തെ മുൻ ബിജെപി സർക്കാർ എല്ലാ സർക്കാർ പദ്ധതി നടത്തിപ്പിനും 40 ശതമാനം കമ്മിഷൻ ഈടാക്കിയെന്നായിരുന്നു രാഹുല്‍ പരാമർശിച്ചത്.