ന്യൂഡല്‍ഹി : ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേന മേധ പട്‌കറിനെതിരെ നല്‍കിയ അപകീര്‍ത്തി കേസില്‍ ശിക്ഷ വിധിക്കുന്നത് അടുത്ത മാസം ഒന്നിലേക്ക് മാറ്റി. ഗജുറാത്തില്‍ ഒരു എന്‍ജിഒയ്ക്ക് നേതൃത്വം നല്‍കുന്ന വേളയിലാണ് സക്‌സേനയ്ക്കെതിരെ മേധ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് ശിക്ഷ വിധിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റിയതായി മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ ശര്‍മ്മ അറിയിച്ചത്.
ഇരയ്ക്കുണ്ടായ നഷ്‌ടം കണക്കാക്കിയ ശേഷം ശിക്ഷയുടെ തോത് നിശ്ചയിക്കും. പരമാവധി രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. സക്‌സേനയെ ഭീരു എന്ന് വിളിക്കുകയും ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്‌തതിലൂടെ മേധ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല മറിച്ച് അദ്ദേഹത്തെ കുറിച്ച് സമൂഹ മധ്യത്തില്‍ മോശം പ്രതിച്‌ഛായ സൃഷ്‌ടിക്കുകയും ചെയ്‌തതായി കഴിഞ്ഞ മാസം 24ന് കോടതി നിരീക്ഷിച്ചിരുന്നു.
സക്‌സേന ഗുജറാത്തിലെ ജനങ്ങളെയും അവരുടെ വിഭവങ്ങളെയും വിദേശ താത്‌പര്യങ്ങള്‍ക്ക് ഒറ്റിക്കൊടുക്കുന്നുവെന്നും മേധ ആരോപിച്ചിരുന്നു. ഇത് അദ്ദേഹത്തിന്‍റെ അന്തസിനും പൊതുസേവനങ്ങള്‍ക്കും നേര്‍ക്കുള്ള കടന്ന് കയറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വാദം കഴിഞ്ഞ മാസം മുപ്പതിന് പൂര്‍ത്തിയായിരുന്നു.
മേധയും സക്‌സേനയും തമ്മിലുള്ള നിയമപോരാട്ടം രണ്ടായിരം മുതല്‍ തുടങ്ങിയതാണ്. മേധയ്ക്കും നര്‍മദ ബചാവോ ആന്ദോളനുമെതിരെ സക്‌സേന ഒരു പരസ്യം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അവര്‍ ആദ്യം സക്‌സേനയ്ക്കെതിരെ കേസ് കൊടുത്തത്.
അഹമ്മദാബാദിലെ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടി എന്ന എന്‍ജിഒയ്ക്ക് നേതൃത്വം നല്‍കുകയായിരുന്ന സക്‌സേന മേധയ്‌ക്കെതിരെ രണ്ട് അപകീര്‍ത്തി കേസുകളാണ് നല്‍കിയിട്ടുള്ളത്. ടെലിവിഷന്‍ ചാനലിലും പത്രക്കുറിപ്പുകളിലും തന്നെക്കുറിച്ച് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി.
Also Read: 'എന്‍ഡിഎ' പുനര്‍ നിർവചിച്ച് മോദി; കേരളത്തിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും മോദി