ന്യൂഡല്‍ഹി : ഏറെ വിവാദമായ ഒരു കേസാണ് രശ്‌മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്‌റ്റ് ചെയ്‌തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. വീഡിയോ നിര്‍മ്മിച്ചയാളാണ് അറസ്‌റ്റിലായത് എന്നാണ് വിവരം.
പ്രതിയെ ദക്ഷിണേന്ത്യയില്‍ നിന്ന് അറസ്‌റ്റ് ചെയ്‌ത് ഡല്‍ഹിയില്‍ കൊണ്ടുവന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 2023 നവംബര്‍ 6 നാണ് രശ്‌മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇൻഫ്ലുവൻസറായ സാറ പട്ടേലിന്‍റെ വീഡിയോയില്‍ രശ്‌മിക മന്ദാനയുടെ മുഖം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. വീഡിയോ വിവാദമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവംബർ 10 ന്, ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 465 (വ്യാജരേഖ ചമച്ചതിനുള്ള ശിക്ഷ), 469 (പ്രശസ്‌തിക്ക് ഹാനി വരുത്തതിന് വേണ്ടി വ്യാജരേഖ ചമച്ചതിനുള്ള ശിക്ഷ), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66C, 66E എന്നിവ പ്രകാരം ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (IFSO) യൂണിറ്റിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു.
എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തയുടൻ, വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട പ്രതിയെ തിരിച്ചറിയാൻ യുആർഎല്ലും മറ്റ് വിശദാംശങ്ങളും ലഭിക്കാൻ ഐഎഫ്എസ്ഒ യൂണിറ്റ് മെറ്റയില്‍ വിവരമറിയിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.