സിര്‍സി: 1947ല്‍ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള തീരുമാനം കൈക്കൊള്ളണമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അവരത് ചെയ്‌തില്ലെന്നും മോദി കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സിര്‍സി നഗരത്തില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള വലിയ കാലതാമസത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്നും മോദി പറഞ്ഞു. ക്ഷേത്രം നിര്‍മിക്കില്ലെന്ന് ഉറപ്പാക്കാന്‍ അവസാന നിമിഷം വരെ കോണ്‍ഗ്രസ് ശ്രമിച്ചു. അയോധ്യയില്‍ അഞ്ഞൂറ് വര്‍ഷമായി നമ്മുടെ പൂര്‍വികര്‍ ക്ഷേത്രത്തിനായി കാത്തിരിക്കുന്നു. 500 വര്‍ഷമെന്നത് ചെറിയൊരു കാലയളവല്ല. ഈ ക്ഷേത്രം നിര്‍മ്മിക്കാനുള്ള കരുത്ത് ലഭിച്ചത് നിങ്ങളുടെ ഓരോ വോട്ടിലൂടെയുമാണെന്നും മോദി പറഞ്ഞു.
ഇപ്പോഴിതാ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായിരിക്കുന്നു. രാജ്യത്ത് പ്രീണന രാഷ്‌ട്രീയം അതിന്‍റെ ഉത്തുംഗ ശൃംഗത്തിലെത്തിയിരിക്കുകയാണ്. രാമക്ഷേത്ര ഭാരവാഹികള്‍ ഇവരെ അവരവരുടെ വീടുകളില്‍ ചെന്ന് നേരിട്ട് ക്ഷണിച്ചതാണ്. എന്നാല്‍ അവര്‍ ക്ഷണം നിരസിച്ചു. കര്‍ണാടകയും രാജ്യവും കോണ്‍ഗ്രസിനെ ഇപ്പോള്‍ നിരസിക്കേണ്ടതില്ലേയെന്നും മോദി ആരാഞ്ഞു.
വോട്ട്ബാങ്കിന് വേണ്ടി രാമക്ഷേത്രത്തെ കോണ്‍ഗ്രസ് അവഹേളിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറുവശത്ത് ഒരു അന്‍സാരി കുടുംബമുണ്ട്. ഇക്‌ബാല്‍ അന്‍സാരിയുടെ മുഴുവന്‍ കുടുംബവും രാമക്ഷേത്രത്തിനെതിരെ മൂന്ന് തലമുറകളിലായി പോരാടിക്കൊണ്ടിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ അവര്‍ അക്കാര്യം അംഗീകരിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്ര ഭാരവാഹികള്‍ അന്‍സാരിയെയും ക്ഷണിച്ചിരുന്നു. അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങില്‍ അന്‍സാരി പങ്കെടുക്കുകയും ചെയ്‌തുവെന്നും മോദി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ക്രമസമാധാന നില താറുമാറയതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യവിരുദ്ധ-ദേശവിരുദ്ധ ശക്തികളെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെലഗാവിയില്‍ പട്ടികവര്‍ഗ സഹോദരിക്ക് എന്താണ് സംഭവിച്ചത്. ചിക്കോഡിയില്‍ ജൈന സന്യാസിക്ക് എന്ത് പറ്റി. ഹൂബ്ലിയിലെ ഒരു കോളജ് ക്യാമ്പസില്‍ നമ്മുടെ മകള്‍ക്ക് എന്താണ് പറ്റിയത്. രാജ്യം മുഴുവന്‍ നടുങ്ങിയില്ലേ? അവളുടെ കുടുംബം നടപടി ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രീണന സമ്മര്‍ദ്ദത്തില്‍ പെട്ടു. ബെംഗളുരുവിലെ ഒരു കഫേയില്‍ ബോംബ് സ്ഫോടനമുണ്ടായപ്പോള്‍ സര്‍ക്കാര്‍ യാതൊരു ഗൗരവവും കാട്ടിയില്ല. ഇതേ കോണ്‍ഗ്രസാണ് വോട്ടിന് വേണ്ടി പിഎഫ്ഐയുടെ സഹായം തേടുന്നത്. അതിന് വേണ്ടി ഇവരുടെ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസിനെ പ്രതിരോധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ബിജെപി പിന്നാക്ക സംവരണം എടുത്തുകളയുമെന്ന ആരോപണം; വ്യക്‌തത വരുത്തി അമിത് ഷാ