ചെന്നൈ (തമിഴ്‌നാട്): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ തമിഴ്‌നാട് മന്ത്രി ടി എം അൻപരശനെതിരെ കേസെടുത്ത് പൊലീസ്. തമിഴ്‌നാട്ടിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് മോദിക്കെതിരെ അൻപരശൻ സംസാരിച്ചത്. ഡിഎംകെയെ (DMK) ഉന്മൂലനം ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ പ്രതികരിക്കവെയാണ് മോദിയെ വെട്ടി കഷണങ്ങളാക്കുമെന്ന് അൻപരസൻ പറഞ്ഞത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അഞ്ച് വകുപ്പുകൾ (ഐ പി സി 153, 268, 503, 505, 506) പ്രകാരമാണ് ഡൽഹി പൊലീസ് മന്ത്രിക്കതിരെ കേസെടുത്തിട്ടുള്ളത് (Death threat to Prime Minister). അൻപരശന്‍റെ ഭീഷണി രാജ്യത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. മന്ത്രിയുടെ പ്രസ്‌താവന ലജ്ജാകരവും അക്രമം അഴിച്ച് വിടാനുള്ള പ്രചോദനവും ആയേക്കാമെന്നും പൊലീസ് പറയുന്നു.
ഡിഎംകെയെ പ്രധാനമന്ത്രി നരേന്ദ്ര മേദിക്ക് ഉന്മൂലനം ചെയ്യാൻ കഴിയില്ല, അങ്ങനെ നടന്നാൽ മോദിയെ വെട്ടിനുറുക്കിയേനെ എന്ന് പറഞ്ഞ് കൊണ്ട് പ്രധാനമന്ത്രിക്കതിരെ ഭീക്ഷണി ഉയർത്തികൊണ്ട് അൻപരസൻ സംസാരിച്ചതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബി ജെ പി നേതാവ് മാളവ്യ ഈ വീഡിയോ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
തമിഴ്‌നാട് നിയമ സഭയിലേക്ക് തുടർച്ചയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ് ടി എൻ അൻപരസൻ. ഗ്രാമീണ വ്യവസായം, കുടിൽ വ്യവസായം, ചെറുകിട വ്യവസായം, ചേരി നിർമാർജന ബോർഡ് സ്ഥാനങ്ങൾ എന്നിവയുടെ മന്ത്രാലയമാണ് ടി എം അൻപരശൻ വഹിക്കുന്നത്.