ഹൈദരാബാദ് : തെലങ്കാനയിൽ മാതളപ്പഴം പറിച്ച ദലിത് ബാലനെ കെട്ടിയിട്ട് മർദിച്ചു. ഷബാദ് മണ്ഡലിലെ കേസരം ഗ്രാമത്തിൽ ജൂൺ 22നാണ് സംഭവം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14 കാരനാണ് വീടിൻ്റെ കോമ്പൗണ്ട് മതിലിൽ ചവിട്ടി മാതളം പറിച്ചതിനെ തുടർന്ന് മർദനമേറ്റത്.
റിട്ടയേർഡ് സർക്കാർ സ്‌കൂൾ ഹെഡ്‌മാസ്റ്ററായ വീട്ടുടമസ്ഥൻ കുട്ടിയെ പിടികൂടുകയും കൈയും കാലും ബന്ധിച്ച് മർദിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ജൂൺ 24 ന് കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തു.
ഐപിസി സെക്ഷൻ 342, 324, ബാലനീതി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം വീട്ടുടമസ്ഥനും മകനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
സംഭവസ്ഥലത്തെത്തിയ പരാതിക്കാരിയ്ക്കും ഇവരിൽ നിന്ന് മർദനമേറ്റതായി പരാതിയിൽ പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.
Also Read: ബെെക്ക് മോഷണം ആരോപിച്ച് മർദനം: പരിക്കേറ്റ യുവാവ് മരിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍