ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ 2024ലെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. 'റിമാല്‍' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ - ബംഗ്ലാദേശ് തീരത്ത് അതിതീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രചനം. കൂടാതെ, മധ്യപടിഞ്ഞാറാൻ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്ത് തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദം നില്‍ക്കുന്നുണ്ട്.
ഇത് നാളെയോടെ വടക്ക് കിഴക്കൻ ദിശയില്‍ സഞ്ചരിച്ച് മധ്യബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്ന്, വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിച്ച് വടക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വരുന്ന അഞ്ച് ദിവസവും കേരളത്തില്‍ മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.