കൊല്‍ക്കത്ത: ഒഡിഷ തീരത്ത് വീശിയടിച്ച ദന ചുഴലിക്കാറ്റ് മരങ്ങള്‍ കടപുഴക്കുകയും വൈദ്യുത ബന്ധം താറുമാറാക്കുകയും മറ്റും ചെയ്‌തപ്പോള്‍ കനത്ത നാശമാണ് പശ്ചിമബംഗാളില്‍ വിതച്ചത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ട് ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും ഒരാള്‍ക്ക് ജീവന്‍ നഷ്‌ടമായി.
അതേസമയം ഒഡിഷയില്‍ ഒരാളുടെ പോലും ജീവനെടുക്കാതെ കാക്കാനായി. ബംഗാളില്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്ന് 2.16 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. വീട്ടില്‍ കേബിളുമായി ബന്ധപ്പെട്ട ചില ജോലികള്‍ ചെയ്യുന്നതിനിടെയാണ് ഒരാള്‍ക്ക് ജീവന്‍ നഷ്‌ടമായതെന്നും മമത പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൃത്യമായ ചിത്രം ലഭിക്കൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
100-110 കിലോമീറ്റര്‍ വേഗതയിലെത്തിയ ദന ചുഴലിക്കാറ്റ് ഭിട്ടാര്‍കനികയ്ക്കും ധംറയ്ക്കുമിടയിലാണ് കരതൊട്ടത്. രാത്രി മുഴുവന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം രാവിലെ നടത്തിയ അവലോകന യോഗത്തില്‍ ദുരിതാശ്വാസ സാമഗ്രികള്‍ അടിയന്തരമായി എത്തിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസപ്പെട്ടു. എന്നാല്‍ പതിനഞ്ച് മണിക്കൂര്‍ വിമാനത്താവളം അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പതിനാല് മണിക്കൂറിന് ശേഷം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിച്ചു. ട്രെയിന്‍ ഗതാഗതവും പുനസ്ഥാപിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത നഗരത്തിന്‍റെ പലയിടങ്ങളിലും കനത്ത വെള്ളക്കെട്ടുകളുണ്ട്. ദുരിതബാധിത പ്രദേശങ്ങളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.