കൊല്‍ക്കത്ത/ഭുവനേശ്വര്‍: ഒഡിഷയിലും പശ്ചിമ ബംഗാളിലും കനത്ത നാശനഷ്‌ടങ്ങൾ വിതച്ച് 'ദന' ചുഴലിക്കാറ്റ്. പശ്ചിമ ബംഗാളിൽ നിന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഒഡിഷയിൽ മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. 'സീറോ കാഷ്വാലിറ്റി മിഷൻ' നേടാനായെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹന്‍ മാജി പറഞ്ഞു.
വെള്ളിയാഴ്‌ചയാണ് ശക്തമായ ചുഴലിക്കാറ്റ് ഒഡിഷ തീരത്ത് കര തൊട്ടത്. വൈകീട്ടോടെ കാറ്റ് വെസ്‌റ്റ് ബംഗാളിൽ പ്രവേശിച്ചു. കനത്ത മഴയിലും കാറ്റിലും നിരവധി നാശനഷ്‌ടങ്ങൾ ഉണ്ടായി. മരങ്ങളും വൈദ്യുത തൂണുകളും മറിഞ്ഞു വീണു. ഇരു സംസ്ഥാനങ്ങളിലെയും ചില ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായി. വലിയ തോതിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
'ദന' ദുർബലമാവുകയും പടിഞ്ഞാറോട്ട് നീങ്ങുകയും ചെയ്‌തതോടെ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ വിപുലമായ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിമാനങ്ങളും റെയിൽവേയും ബസുകളും സേവനങ്ങൾ പുനസ്ഥാപിച്ചു തുടങ്ങി. മരങ്ങൾ കടപുഴകി വീണതിനെ തുടർന്നുണ്ടായ തടസങ്ങള്‍ നീക്കി ആശയവിനിമയം പുനസ്ഥാപിച്ചതായി ഒഡിഷ റവന്യൂ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. നാശനഷ്‌ടങ്ങൾ ഒരാഴ്‌ചക്കകം വിലയിരുത്തുമെന്നും പൂജാരി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തകരാറിലായ 33 കെവി ഫീഡറുകളിൽ 95 ശതമാനവും ഇതിനകം പുനസ്ഥാപിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും ഊർജ വകുപ്പിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി കെവി സിംഗ് ദിയോ പറഞ്ഞു. ഒറ്റപ്പെട്ട പ്രദേശങ്ങളായ ജാംബൂ, തലചുവ, കന്ദിര, ബാഗപതിയ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
വേലിയേറ്റത്തെ തുടർന്ന് ഒഡിഷയിലെ തീരദേശങ്ങളിലും കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. കേന്ദ്രപാറ, ഭദ്രക്, ബാലസോർ എന്നിവിടങ്ങളിൽ ഉണ്ടായ ഏകദേശം രണ്ട് മീറ്ററോളം വേലിയേറ്റത്തിൽ ഭിതാർകനിക ദേശീയ ഉദ്യാനത്തിന് സമീപമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 'ദന' ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഒരു മരണം സ്ഥിരീകരിച്ചു. കേബിളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനിടെയാണ് ഇയാൾ മരിച്ചത്. കൊൽക്കത്തയിൽ മറ്റൊരാൾ വൈദ്യുതാഘാതമേറ്റ് മരിച്ചതായി പൊലീസും റിപ്പോർട്ട് ചെയ്‌തു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ സംസ്ഥാന സെക്രട്ടറിയറ്റിൽ അവലോകന യോഗം നടത്തിയ മമത ബാനർജി, ചുഴലിക്കാറ്റ് ബാധിച്ച എല്ലാവർക്കും ദുരിതാശ്വാസ സഹായങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തീരദേശ ജില്ലകളായ പുർബ മേദിനിപൂർ, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഗംഗാസാഗറിലെ കപിൽ മുനി ക്ഷേത്രം ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊൽക്കത്തയുടെ ചില ഭാഗങ്ങളിൽ കാര്യമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. നഗരത്തിലെ വിവിധ പ്രദേശങ്ങൾ ഇതിനെ തുടർന്ന് വെള്ളത്തിനടിയിലായി.
Also Read:സംസ്ഥാനത്ത് ഇന്നും മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്