ഹൈദരാബാദ്: സൈബര്‍ തട്ടിപ്പുകാര്‍ അക്കൗണ്ട് ഉടമയറിയാതെ തട്ടിയെടുത്തത് ഒരു കോടി പത്ത് ലക്ഷം രൂപ. പണം അക്കൗണ്ടില്‍ നിന്ന് പോയതായി ഫോണില്‍ സന്ദേശമെത്തിയ ഉടന്‍ തന്നെ ബാങ്കിനെ ഇക്കാര്യം അറിയിച്ചു. 1930ലേക്ക് വിളിച്ച് പരാതിപ്പെടുകയും ചെയ്‌തു. ഉടന്‍ തന്നെ പൊലീസ് ഇടപെടുകയും 25 മിനിറ്റിനുള്ളില്‍ തന്നെ പണം കണ്ടെത്തി തിരികെ അക്കൗണ്ട് ഉടമയ്ക്ക് കൈമാറുകയും ചെയ്‌തു.
തെലങ്കാന സൈബര്‍ സുരക്ഷ സംഘത്തിന്‍റെ ഇടപെടലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം നഷ്‌ടമാകാതിരിക്കാന്‍ സഹായകമായത്. സൈബര്‍ തട്ടിപ്പുകാരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ സുവര്‍ണ മണിക്കൂറുകള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ഹര്‍ഷ് എന്ന യുവാവിന്‍റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ശ്രമം. ഹൈദരാബാദിലെ നചാരമില്‍ നിന്നുള്ള യുവാവിന്‍റെ ഫോണിലേക്ക് ഈ മാസം 27ന് രാവിലെ അന്‍പത് ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി സന്ദേശമെത്തി. രാവിലെ 10.09നാണ് ഈ സന്ദേശം വരുന്നത്. പിന്നീട് 10.10ന് അന്‍പത് ലക്ഷം കൂടി ഇത്തരത്തില്‍ മാറ്റിയെന്ന് സന്ദേശമെത്തി. 10.11ന് പത്ത് ലക്ഷം രൂപ കൂടി മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറിയെന്ന് സന്ദേശം വന്നു.
10.17നാണ് ഹര്‍ഷിന്‍റെ ശ്രദ്ധയില്‍ ഈ സന്ദേശങ്ങള്‍ പെട്ടത്. അതോടെ യുവാവ് അസ്വസ്ഥനായി. എന്നാല്‍ പെട്ടെന്ന് തന്നെ യാഥാര്‍ത്ഥ്യബോധമുള്‍ക്കൊണ്ട യുവാവ് കുടുംബാംഗങ്ങളുടെ കൂടി സഹായത്തോടെ ബാങ്ക് അധികൃതരെ വിവരമറിയിച്ചു. 10.22ന് 1930 എന്ന നമ്പരിലേക്ക് വിളിച്ച് തട്ടിപ്പിനെ കുറിച്ച് വിശദീകരിച്ചു.
ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ്ങ് പോര്‍ട്ടല്‍ (എന്‍സിആര്‍പി) നയിക്കുന്ന ദ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിങ്ങ് ആന്‍ഡ് മാനേജ്മെന്‍റ് സിസ്‌റ്റം(സിഎഫ്എഫ്ആര്‍എംഎസ്)ഉടന്‍ തന്നെ കര്‍മ്മനിരതരായി. തെലങ്കാനയില്‍ ഇത്തരമൊരു തട്ടിപ്പ് നടന്ന വിവരത്തെക്കുറിച്ച് ടിഎസ്‌സിഎസ്ബിയെയും അറിയിച്ചു. ഉടന്‍ തന്നെ ആക്‌സിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് പ്രതിനിധികള്‍ക്കും വിവരം കൈമാറി. ഈബാങ്കുകളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്‌ടമായത്. എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചതോടെ പണം തിരികെ ലഭിച്ചു.
പണം സൈബര്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയെന്ന സന്ദേശം 10.42ന് ഹര്‍ഷിന്‍റെ ഫോണില്‍ ലഭിച്ചു. ആ സമയത്ത് അവര്‍ക്ക് പതിനായിരം രൂപ മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. ബെംഗളുരുവിലെ ഒരു അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായി. സജാവുദ്ദീന്‍, സലിമുദ്ദീന്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് പണം പോയത്. ഇത്തരത്തില്‍ അക്കൗണ്ടുടമയുടെ പങ്കാളിത്തമില്ലാതെ എങ്ങനെയാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് അന്വേഷിച്ച് വരികയാണെന്ന് ടിഎസ്‌സിഎസ്‌ബി മേധാവി ശിഖ ഗോയല്‍ പറഞ്ഞു. പണം നഷ്‌ടമായ ഉടന്‍ തന്നെ പരാതിപ്പെട്ടാല്‍ അത് തിരികെ കിട്ടാന്‍ സാധ്യത കൂടുതലാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ടിഎസ്‌സിഎസ്‌ബി അധികൃതര്‍ തന്നോട് ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ പണം പിന്‍വലിക്കുന്നത് തടഞ്ഞിട്ടുണ്ടെന്ന സന്ദേശം തന്‍റെ ഫോണിലെത്തി. ഇതോടെ സന്തോഷമുണ്ടായെന്നും ഹര്‍ഷ് പറയുന്നു. ടിഎസ്‌സിഎസ്‌ബിയുടെ പ്രവര്‍ത്തനങ്ങളെയും ഹര്‍ഷ് അഭിനന്ദിച്ചു.