മുംബൈ : വാട്‌സ് ആപ്പിലൂടെ ജില്ലാ ജഡ്‌ജിയെ കബളിപ്പിച്ച് തട്ടിയത് 50,000 രൂപ. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. ബോംബെ ഹൈക്കോടതിയിലെ ജഡ്‌ജിയുടെ ഫോട്ടോ ഉപയോഗിച്ചാണ് ജില്ലാ ജഡ്‌ജിയെ കബളിപ്പിച്ചത്.
വെള്ളിയാഴ്‌ച ജില്ലാ ജഡ്‌ജിക്ക് ഹൈക്കോടതി ജഡ്‌ജിയുടെ ഫോട്ടോ ഡിപിയായിവച്ച നമ്പറിൽ നിന്ന് വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. തനിക്ക് ഹൈക്കോടതി ജഡ്‌ജിയുമായി പരിചയമുണ്ടെന്നും അത്യാവശ്യമായി 50,000 രൂപ വേണമെന്നുമായിരുന്നു സന്ദേശം.
ഇന്ന് രാത്രിയോടെ തന്നെ പണം തിരികെ നല്‍കാമെന്നും ഉറപ്പ് നല്‍കി. കൂടുതൽ ഒന്നും പരിശോധിക്കാതെ ജില്ലാ ജഡ്‌ജി തുക കൈമാറി.
പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടുള്ള മറ്റൊരു സന്ദേശം കൂടെ ലഭിച്ചപ്പോഴാണ് സംശയം തോന്നിയതെന്ന് ജില്ലാ ജഡ്‌ജി പരാതിയില്‍ പറയുന്നു. തുടർന്ന് അദ്ദേഹം ഹൈക്കോടതിയിലെ രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു.
ഫോട്ടോയില്‍ കണ്ട ജഡ്‌ജി പണം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു രജിസ്ട്രാർ ഓഫീസില്‍ നിന്നുള്ള മറുപടി. ഹൈക്കോടതി രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.