ന്യൂഡൽഹി: 640 കോടിയുടെ സൈബർ തട്ടിപ്പ് നടത്തിയ നാല് പേരെ ഇഡി അറസ്‌റ്റ് ചെയ്‌തു. 640 കോടി രൂപയുടെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്‌റ്റ്. സംഭവത്തില്‍ മൂന്ന് ചാർട്ടേഡ് അക്കൗണ്ടൻ്റുമാരെയും ഒരു ക്രിപ്റ്റോകറൻസി ട്രേഡറെയും അറസ്‌റ്റ് ചെയ്‌തതായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അറിയിച്ചു. ഇഡി റെയ്‌ഡിൻ്റെ ഭാഗമായി മുഖ്യ പ്രതി അശോക് കുമാർ ശർമ്മ ഒളിവിലായിരുന്നു. ഇയാളെ ഡൽഹിയിലെ ഒരു ഫാം ഹൗസിൽ നിന്ന് ബലപ്രയോഗത്തിലൂടെയാണ് അറസ്‌റ്റ് ചെയ്‌തത്.
ചാർട്ടേഡ് അക്കൌണ്ടൻ്റുമാരായ അജയ് യാദവ്, വിപിൻ യാദവ്, അശോക് കുമാർ ശർമ്മ എന്നിവരും വ്യാപാരിയായ ജിതേന്ദ്ര കസ്വാൻ എന്നയാളുമാണ് നിലവില്‍ പൊലീസിൻ്റെ പിടിയിലായിട്ടുള്ളത്. 5000-ത്തിലധികം ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിലൂടെ തട്ടിപ്പ് നടത്തി പണം ശേഖരിച്ച് യുഎഇ ആസ്ഥാനമായുള്ള പേയ്‌മെന്‍റ് പ്ലാറ്റ്ഫോമായ പിവൈപിഎല്ലിൽ അപ്ലോഡ് ചെയ്യുന്നതാണ് സംഘത്തിൻ്റെ തട്ടിപ്പ് രീതി. വിവിധ ഇന്ത്യൻ ബാങ്കുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി നടത്തിയ സൈബർ തട്ടിപ്പിൻ്റെ ഒരു ഭാഗം ദുബായിൽ നിന്നാണ് പിൻവലിച്ചിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വാതുവയ്‌പ്പ്, ചൂതാട്ടം, പാർട്ട് ടൈം ജോലികൾ, ക്രഡിറ്റ് കാര്‍ഡ് ഡാറ്റാ തട്ടിപ്പുകൾ എന്നിവയിവലൂടെ 640 കോടി രൂപയുടെ സൈബർ തട്ടിപ്പ് ഡൽഹി പൊലീസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) രണ്ട് എഫ്ഐആറുകള്‍ സമർപ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ക്രിപ്റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് ഡൽഹി, ഗുരുഗ്രാം, ജോധ്പൂർ, ജുൻജുനു, ഹൈദരാബാദ്, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലെ 13 സ്ഥലങ്ങളിൽ നടത്തിയ റെയ്‌ഡിൽ 47 ലക്ഷം രൂപയും 1.3 കോടി രൂപയുടെ ക്രിപ്റ്റോകറൻസികളും പിടിച്ചെടുത്തിരുന്നു. നവംബർ 28 മുതൽ 30 വരെ നടത്തിയ റെയ്‌ഡിലാണ് നടപടി. സംഭവത്തില്‍ ചാർട്ടേഡ് അക്കൌണ്ടൻ്റുമാര്‍, കമ്പനി സെക്രട്ടറിമാർ, ക്രിപ്റ്റോ ട്രേഡേഴ്‌സ് എന്നിവരുടെ ഒരു സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസി പറയുന്നു.
നൂറുകണക്കിന് ബാങ്ക് അക്കൌണ്ടുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് ഇടപാടുകളുടെയും ക്രിപ്റ്റോകറൻസികൾ വാങ്ങിയതായി കാണിക്കുന്ന രണ്ടായിരത്തിലധികം രേഖകളും കണ്ടെടുത്തിട്ടുണ്ട്. കേസിലെ മുഖ്യ സൂത്രധാരൻ അശോക് കുമാർ ശർമ്മയെ ഡൽഹിയിലെ ഒരു ഫാം ഹൗസിൽ നിന്ന് ബലപ്രയോഗത്തിലൂടെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കല്‍ നിന്ന് ചെക്ക് ബുക്കുകൾ, എടിഎം കാർഡുകൾ, പാൻ കാർഡുകൾ, ഡിജിറ്റൽ ഒപ്പുകൾ, രഹസ്യ ക്രിപ്റ്റോ വാലറ്റുകൾ തുറക്കാൻ ഉപയോഗിക്കുന്ന ട്രസ്‌റ്റ് രഹസ്യ കോഡുകള്‍ എന്നിവയും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു.
Read More: സാങ്കേതിക പ്രശ്‌നം: മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പ്രോബ-3 വിക്ഷേപണം മാറ്റിവെച്ചു