മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്ന് 6.46 കോടി വിലമതിക്കുന്ന സ്വര്‍ണവും വജ്രവും കസ്റ്റംസ് പിടികൂടി. ശരീരഭാഗങ്ങളിലും ബാഗേജുകളിലും നൂഡിൽസ് പാക്കറ്റുകളിലുമായി ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെടുത്തത്. സംഭവത്തില്‍ നാല് യാത്രക്കാരെ അറസ്റ്റ് ചെയ്‌തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
4.44 കോടി രൂപ വിലമതിക്കുന്ന 6.815 കിലോയിലധികം സ്വർണവും 2.02 കോടിയുടെ വജ്രങ്ങളുമാണ് പിടികുടിയിരിക്കുന്നത്. മുംബൈയിൽ നിന്നും ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ പൗരന്‍റെ ട്രോളി ബാഗിനുള്ളിൽ നൂഡിൽസ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു വജ്രങ്ങള്‍.
കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് വന്ന ഒരു യാത്രക്കാരനില്‍ നിന്നും 321 ഗ്രാം തൂക്കമുള്ള സ്വർണക്കട്ടികളാണ് പിടിച്ചെടുത്തത്. അടിവസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇയാളില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്.
കൂടാതെ, ദുബായ്, അബുദാബി, ബഹ്‌റൈൻ, ദോഹ, റിയാദ്, മസ്‌കറ്റ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവിടങ്ങളില്‍ നിന്നുമെത്തിയ പത്ത് പേരില്‍ നിന്നായി 4.04 കോടി രൂപ വിലമതിക്കുന്ന 6.199 കിലോഗ്രാം സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.
ALSO READ: കരിപ്പൂരിൽ 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി ; കോഴിക്കോട് സ്വദേശി പിടിയിൽ