ന്യൂഡല്‍ഹി: യുജിസിയുടെ സിഎസ്ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവച്ചു. ഈ മാസം 25 മുതല്‍ 27 വരെ നടക്കേണ്ട പരീക്ഷയാണ് മാറ്റിവച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ടാണ് പരീക്ഷ മാറ്റിയതെന്ന് എന്‍ടിഎ അറിയിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ നടത്തിയ നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ഡാര്‍ക്ക് വെബിലും ടെലിഗ്രാഫിലുമടക്കം ചോദ്യ പേപ്പര്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നു. ആറ് ലക്ഷം രൂപ വരെ ഈടാക്കിയാണ് ചോദ്യപേപ്പര്‍ ലഭ്യമാക്കിയത്.
പരിശീലന സ്ഥാപനങ്ങളടക്കം നിരീക്ഷണത്തിലാണ്. യുജിസി-നെറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ വസതിക്ക് മുന്നില്‍ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം അക്രമാസക്തമായിരുന്നു. പ്രതിഷേധിച്ച എൻഎസ്‌യുഐ വിദ്യാർഥി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധവുമായെത്തിയ വിദ്യാർഥികള്‍ക്കെതിരെയാണ് കേസെടുത്തതെന്ന് അധികൃതർ അറിയിച്ചു. നാഷണൽ സ്റ്റുഡൻ്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്‌യുഐ) പോസ്റ്ററുകളാണ് പ്രതിഷേധക്കാർ കയ്യിൽ കരുതിയിരുന്നത്. ചില മാധ്യമ പ്രവർത്തകരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
പ്രദേശത്ത് സിആര്‍പിസിയുടെ 144 വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഇവിടെ ഒത്തുകൂടാൻ കഴിയില്ലെന്ന് പൊലീസ് സമരക്കാരെ അറിയിച്ചെങ്കിലും അവർ നിർത്താതെ മുദ്രാവാക്യം വിളിക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതിഷേധക്കാർ പ്രകോപിതരാവുകയും കേന്ദ്രമന്ത്രിയുടെ വീട്ടിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്‌തു. പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടതായി എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എൻഎസ്‌യുഐ ദേശീയ പ്രസിഡന്‍റ് വരുൺ ചൗധരിയുടെ നേതൃത്വത്തിലുള്ള അംഗങ്ങളാണ് ധർമേന്ദ്ര പ്രധാനിന്‍റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയെ (എൻടിഎ) നിരോധിക്കണമെന്നും പേപ്പർ ചോർച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എൻടിഎയിലെ അഴിമതിക്കെതിരെയും വിദ്യാഭ്യാസ മന്ത്രിയുടെ നിഷ്‌ക്രിയത്വത്തിനെതിരെയും വിദ്യാർഥി നേതാക്കൾ മുദ്രാവാക്യമുയര്‍ത്തി. നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
1,563 വിദ്യാർഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കാനും അവർക്കായി നീറ്റ് നടത്താനും സുപ്രീം കോടതി കേന്ദ്രത്തിന് അനുമതി നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധം. പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്‌ച ചെയ്‌തതിനെ തുടർന്ന് ബുധനാഴ്‌ച (ജൂണ്‍ 19) രാത്രി വൈകിയാണ് യുജിസി-നെറ്റ് റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടത്.