ന്യൂഡല്‍ഹി: ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നാനൂറിലേറെ സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ അവകാശവാദങ്ങള്‍ തള്ളി സിപിഐ രംഗത്ത്. ഇക്കുറി കടുത്ത പോരാട്ടമാകുമെന്നും സര്‍ക്കാരിനെ മാറ്റാനാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.
ജനങ്ങള്‍ ബിജെപിയുടെ അവകാശവാദം പോലെ പെരുമാറില്ല. നമുക്ക് നമ്മുടെ രാഷ്‌ട്രത്തെ രക്ഷിക്കേണ്ടതുണ്ട്. ബിജെപി കേരളത്തിലെ വോട്ടുകളിലും വര്‍ഗീയത കലര്‍ത്താന്‍ ശ്രമിക്കുന്നു. ഹിന്ദു-മുസ്‌ലിം ഭിന്നിപ്പിലാണ് ബിജെപി വിശ്വസിക്കുന്നത്. അവര്‍ക്ക് വേറൊരു വിഷയങ്ങളുമില്ല. കോണ്‍ഗ്രസ് നേരിട്ട് തന്നെ ബിജെപിക്ക് മറുപടി നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നിശബ്‌ദരായിരിക്കുന്നു. ബിജെപി വയനാട്ടിലെ വോട്ടുകളില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിക്കുന്നു. ഇടതു പക്ഷം എന്നും മതസൗഹാര്‍ദ്ദത്തിനാണ് ശ്രമിച്ചിട്ടുള്ളത്. നമ്മുടെ സമൂഹത്തിന്‍റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്. നമ്മുടെ ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ ഡല്‍ഹിയിലെ ഭരണം മാറണം. ജനങ്ങളുടെ ജീവിത മാര്‍ഗങ്ങളെക്കുറിച്ചും തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്‍റെ മുന്നോടിയായി നടന്ന മെഗാ റാലിയില്‍ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി രാഹുല്‍ ഗാന്ധിക്കെതിെര ആഞ്ഞടിച്ചിരുന്നു. നിരോധിത പോപ്പുലര്‍ ഫ്രണ്ടിന്‍റെ പോലും പിന്തുണ രാഹുല്‍ നേടുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു. എല്ലാ സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുമ്പ് ഭരണഘടന പ്രതിജ്ഞ ചെയ്യണം. രാഹുല്‍ പിഎഫ്ഐയുടെ പിന്തുണ നേടുക വഴി ഭരണഘടനാ പ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും സ്‌മൃതി ഇറാനി ആരോപിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണ വേളയില്‍ മുസ്‌ലിം ലീഗിന്‍റെ പതാകകള്‍ മറയ്ക്കാന്‍ രാഹുലിനായി. എന്നാല്‍ മുസ്‌ലിം ലീഗിന്‍റെ പിന്തുണ തേടുന്നതിലോ വടക്കേ ഇന്ത്യന്‍ സന്ദര്‍ശനങ്ങളില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലോ അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്നും അവര്‍ ആരോപിച്ചു. മുസ്‌ലിം ലീഗുമായുള്ള തന്‍റെ ബന്ധം മറയ്ക്കാന്‍ രാഹുലിന് ആകില്ലെന്നും സ്‌മൃതി ചൂണ്ടിക്കാട്ടി.