ന്യൂഡൽഹി: വയനാട്ടിലുണ്ടായ ദുരന്തം ഗോഹത്യയുടെ അനന്തര ഫലമാണെന്ന ബിജെപി നേതാവ് ഗ്യാൻദേവ് അഹൂജയുടെ പരാമർശത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ജനങ്ങളെ സാമ്പത്തികമായും അല്ലാതെയും തങ്ങളടക്കമുള്ള പാര്‍ട്ടികള്‍ സഹായിക്കുമ്പോള്‍ ദുരന്തത്തെ വര്‍ഗീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡി രാജ പറഞ്ഞു. രാജ്യത്തെ ഒരു രാഷ്‌ട്രീയ പാർട്ടി എന്ന നിലയിൽ ബിജെപി എന്ത് ഉത്തരവാദിത്തമാണ് കാണിക്കുന്നത് എന്നും ഡി രാജ ചോദിച്ചു.
'ഒരു ദുരന്തമുണ്ടായി ജനങ്ങൾ കഷ്‌ടപ്പെടുന്നു. ഞങ്ങളടക്കമുള്ള പാര്‍ട്ടികള്‍ ജനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായും ദുരിതാശ്വാസ സാമഗ്രികളും പാർപ്പിടവും നല്‍കിയും സാധ്യമായ എല്ലാ രീതിയിലും എല്ലാവരും സഹായിക്കുകയാണ്.
ജനങ്ങള്‍ക്ക് ഭക്ഷണവും പാർപ്പിടവും മരുന്നുകളും ആവശ്യമാണ്. എന്നാല്‍ ദുരന്തത്തെ വർഗീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ രാഷ്‌ട്രീയ പാർട്ടി എന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തം എന്താണ്?'- ഡി രാജ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായിരുന്ന ഗ്യാന്‍ ദേവ് അഹൂജ അസംബന്ധ പരാമര്‍ശം നടത്തിയത്. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതിന്‍റെ പ്രത്യാഘാതമാണ് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ എന്നായിരുന്നു അഹൂജയുടെ 'കണ്ടെത്തല്‍'. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മേഘസ്‌ഫോടനവും ഉരുള്‍പൊട്ടലും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും കേരളത്തിലെ പോലെ ഇത്ര വലിയ ദുരന്തമാകാറില്ലെന്നും അഹൂജ പറഞ്ഞു. ഗോവധം തുടരുന്നിടത്തോളം കാലം ഇത്തരം ദുരന്തങ്ങള്‍ തുടരുമെന്നും ഗ്യാന്‍ദേവ് അഹൂജ പ്രസ്‌താവിച്ചു. വിവാദ പ്രസ്‌താവനയില്‍ പ്രതിഷേധമറിയിച്ച് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ തെരച്ചിൽ ശക്തമാക്കുന്നതിന് ഇന്ത്യൻ വ്യോമസേന സിയാച്ചിനിൽ നിന്നും ഡൽഹിയിൽ നിന്നും ഒരു ZAWER, നാല് REECO റഡാറുകൾ വിമാനത്തിൽ എത്തിച്ചു. ജൂലൈ 30ന് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ മുന്നൂറില്‍ അധികം പേരാണ് മരിച്ചത്.
ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. 98 പുരുഷന്മാരും 87 സ്‌ത്രീകളും 30 കുട്ടികളും ഉൾപ്പെടെ 215 മൃതദേഹങ്ങളും 143 ശരീരഭാഗങ്ങളും കണ്ടെടുത്തതായാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചത്. 148 പേരുടെ മൃതദേഹമാണ് ഇതുവരെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
Also Read : വയനാട് ദുരന്തം: പശ്ചിമഘട്ട സംരക്ഷണത്തിന് പുത്തന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തേടി കേന്ദ്രം