ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന്‍റെ ഡയറ്റ് ചാർട്ട് സമര്‍പ്പിക്കണമെന്ന് റൂസ് അവന്യൂ കോടതി. കെജ്‌രിവാളിന്‍റെ ഷുഗർ ലെവൽ പതിവായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. ഏപ്രിൽ 19ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
വീട്ടിൽ പാകം ചെയ്‌ത ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് കെജ്‌രിവാളിന്‍റെ ഷുഗര്‍ തോത് വർദ്ധിക്കുന്നതെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സോഹെബ് ഹുസൈൻ പറഞ്ഞു. ഉരുളക്കിഴങ്ങ് പൂരി, മാമ്പഴം, പലഹാരങ്ങൾ, മറ്റ് മധുരപലഹാരങ്ങൾ എന്നിവ കെജ്‌രിവാളിന് പതിവായി വീട്ടില്‍ നിന്ന് എത്തിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ജാമ്യം തേടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഇഡി വാദിച്ചു. തുടർന്നാണ് തിഹാർ ജയിലിൽ നിന്ന് കെജ്‌രിവാളിന്‍റെ ഡയറ്റ് ചാർട്ട് കോടതി തേടിയത്. കെജ്‌രിവാളിന്‍റെ ഹര്‍ജിയില്‍ ഏപ്രിൽ 16ന് കോടതി ഇഡിക്ക് നോട്ടീസ് അയച്ചിരുന്നു.
കെജ്‌രിവാളിന്‍റെ ഷുഗർ ലെവൽ തുടർച്ചയായി ഉയരുകയും താഴുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദത്തിനിടെ പറഞ്ഞിരുന്നു. ഇഡി കസ്‌റ്റഡിയിൽ കെജ്‌രിവാളിന്‍റെ രക്തത്തിലെ ഷുഗറിന്‍റെ അളവ് 46 ആയി ഉയർന്നെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ആഴ്‌ചയിൽ മൂന്ന് ദിവസം വീഡിയോ കോൺഫറൻസിലൂടെ ഡോക്‌ടറോട് സംസാരിക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്നായിരുന്നു കെജ്‌രിവാളിന്‍റെ അപേക്ഷ. എന്നാല്‍ ജയിലിൽ ഡോക്‌ടർമാരുണ്ടെന്നും പരിശോധന അവിടെ നടത്താമെന്നും ഇഡി വാദിച്ചു. മാർച്ച് 15 നാണ് കെജ്‌രിവാളിന്‍റെ ജുഡീഷ്യൽ കസ്‌റ്റഡി ഏപ്രിൽ 23 വരെ കോടതി നീട്ടിയത്.