സേലം : തമിഴ്‌നാട്ടിലെ സേലത്ത് ഇരുചക്രവാഹനത്തില്‍ ട്രക്ക് ഇടിച്ചുകയറി ദമ്പതികൾക്ക് ദാരുണാന്ത്യം. മേട്ടൂർ പ്രദേശത്തെ കുഞ്ഞാണ്ടിയൂർ ബുഡൂരിലെ ബിൽഡർ അളഗരശൻ (30), ഇളമതി (25) ദമ്പതികളാണ് മരിച്ചത്. ജനുവരി 28 നാണ് അപകടം നടന്നത്. അഞ്ച് വയസും രണ്ട് വയസും പ്രായമുള്ള പിഞ്ചുകുട്ടികളുമായി ഇരുചക്രവാഹനത്തിൽ പന്നവാടി ഭാഗത്തുള്ള ഭാര്യപിതാവിന്‍റെ വീട്ടിലേക്ക് പോകവെയാണ് അപകടം സംഭവിച്ചത്.
രാമൻ നഗറിനു സമീപം ഗതാഗതക്കുരുക്കിൽ അമിതവേഗതയിൽ എത്തിയ നെല്ല് കയറ്റിയ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ലോറിയുടെ ചക്രത്തിനടിയില്‍ ബൈക്ക് കുടുങ്ങി അളഗരളനും ഇളമതിയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ നിസാര പരിക്കുകളോടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളും രക്ഷപ്പെട്ടു. കുട്ടികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് കരുമല കൂടൽ പൊലീസ് സ്ഥലത്തെത്തി ഭർത്താവിന്‍റെയും ഭാര്യയുടെയും മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ് മോർട്ടത്തിനായി മേട്ടൂർ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അപകടത്തെ കുറിച്ച് പൊലീസ് മനസിലാക്കിയത്. അപകടത്തെ തുടർന്ന് സ്ഥലത്ത് വൻ പ്രതിഷേധമാണ് നാട്ടുകാരില്‍ നിന്നുണ്ടായത്.
തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് മരണം: തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ കേരളത്തിലേക്ക് സിമന്‍റ് ലോഡുമായി പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ യാത്രികരായ അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെയുമാണ് മരിച്ചത്. ജനുവരി 28നാണ് അപകടം നടന്നത്.
തെങ്കാശി പുളിയാങ്കുടി സ്വദേശികളും സുഹൃത്തുക്കളുമായ കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്മണി, മനോഹരന്‍, ബോതിരാജ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ച ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിന് പിന്നാലെ ജില്ല പൊലീസ് മേധാവി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.