ചെന്നൈ (തമിഴ്‌നാട്): എഐ സഹായത്തോടെ 13 വർഷം മുമ്പ് നഷ്‌ടപ്പെട്ട കുഞ്ഞിനായുള്ള തിരച്ചിൽ തുടര്‍ന്ന് വാസന്തി-ഗണേശൻ ദമ്പതികൾ. ചെന്നൈ സാലിഗ്രാമം സ്വദേശികളായ ദമ്പതികളുടെ മകള്‍ കവിതയെ കണ്ടെത്താനാണ് തമിഴ്‌നാട് പൊലീസ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹായം തേടുന്നത്. 2011 സെപ്‌റ്റംബർ 19 നാണ് കവിതയെ കാണാതാവുന്നത്. കാണാതാവുമ്പോള്‍ കുഞ്ഞിന് രണ്ടുവയസായിരുന്നു. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കവെയാണ് കുഞ്ഞിനെ കാണാതാവുന്നത്.
കോടതിയുടെ ഇടപെടലിനെത്തുടർന്ന് അധികാരികൾ സാങ്കേതിക വിദ്യയുടെ സഹായം തേടിയതെന്ന് ഗണേശൻ പറഞ്ഞു. കുട്ടിയുടെ രണ്ട് ഫോട്ടോകൾ മാത്രമാണ് അവശേഷിച്ചിരുന്നത്. കവിതയ്ക്ക് 1 വയസും 2 വയസും ഉള്ളപ്പോൾ എടുത്ത ഫോട്ടോകളാണവ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 15-ാം വയസിൽ എങ്ങനെയിരിക്കും എന്നതിന്‍റെ ഫോട്ടോയാണ് അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചതെന്നും ഗണേശൻ പറഞ്ഞു.
ജ്വല്ലറി അപ്രൈസറുടെ ഇപ്പോഴത്തെ ശമ്പളം കുടുംബം പോറ്റാൻ തികയില്ലെന്നും മകളെ അന്വേഷിക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ഗണേശൻ പറയുന്നു. ദമ്പതികളുടെ മറ്റൊരു മകൻ ഇപ്പോൾ കോളജിൽ പഠിക്കുകയാണ്. എഐ വഴി ലഭിച്ച ഫോട്ടോ മകളെ തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചെന്ന് കരുതുന്ന മാതാപിതാക്കൾ, എഐ സൃഷ്‌ടിച്ച ഫോട്ടോ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സോഷ്യൽ മീഡിയയിലും ഷെയർ ചെയ്‌തിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴി കുട്ടിയെ കണ്ടെത്താനും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഫോട്ടോ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അയക്കാനും നടപടികൾ ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു.
Also Read: താമരശ്ശേരിയില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശുകാരിയെ കാണാതായി; ദുരൂഹത