നന്ദൂര്‍ബാര്‍ (മഹാരാഷ്‌ട്ര): ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഭരണഘടനയുടെ റെഡ്‌ബുക്കില്‍ യാതൊന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തോന്നാന്‍ കാരണം അദ്ദേഹം അത് ഒരിക്കലും വായിച്ചിട്ടില്ലാത്തത് കൊണ്ടാണെന്ന് രാഹുലിന്‍റെ പരിഹാസം.
ഭരണഘടന ഇന്ത്യയുടെ ആത്മാവിനെയാണ് ഉള്‍ക്കൊള്ളുന്നതെന്നും മഹാരാഷ്‌ട്രയിലെ നന്ദൂര്‍ബാറില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ദേശീയ നേതാക്കളായ ബിര്‍സ മുണ്ട, ഗൗതമ ബുദ്ധ, ഡോ.ബി ആര്‍ അംബേദ്ക്കര്‍, മഹാത്മാഗാന്ധി തുടങ്ങിയവരുടെ ഉദാത്തമായ ആശയങ്ങളാണ് ഭരണഘടനയുടെ ഉള്ളടക്കം.
ബിജെപി റാലികളില്‍ രാഹുല്‍ ഉയര്‍ത്തിക്കാട്ടുന്ന പുസ്‌തകത്തിന്‍റെ ചുവപ്പ് നിറം കണ്ടാല്‍ ബിജെപിക്ക് എതിര്‍പ്പുണ്ടാകും. എന്നാല്‍ നിറഭേദമില്ലാതെ ഭരണഘടനയെ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിബദ്ധരാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഭരണഘടന ശൂന്യമല്ല. മറിച്ച് ഇത് പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ആശയങ്ങളും ചിന്തകളും ഉള്‍ക്കൊള്ളുന്നതാണ്. ഈ പുസ്‌തകത്തില്‍ എന്താണെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ധാരണയുമില്ല. അത് കൊണ്ടാണ് അത് ശൂന്യമാണെന്ന് പറയുന്നതെന്നും' ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുല്‍ ആരോപിച്ചു. പുസ്‌തകത്തിന്‍റെ നിറമല്ല, മറിച്ച് അതില്‍ എന്താണുള്ളത് എന്നതാണ് തങ്ങള്‍ക്ക് പ്രധാനമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇത് പ്രതിനിധീകരിക്കുന്ന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ജീവന്‍ പോലും ത്യജിക്കുമെന്നും രാഹുല്‍ പറഞ്ഞു.
'രാഹുല്‍ കൊണ്ടു നടക്കുന്ന പുസ്‌തകത്തെ അര്‍ബന്‍ നക്‌സലിസവുമായി ബന്ധിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ശ്രമിക്കുന്നു. ഈ മാസം ഇരുപതിനാണ് മഹാരാഷ്‌ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധി ഒന്നുമില്ലാത്ത ഒരു ചുവന്ന പുസ്‌തകവുമായി നടന്ന് എന്തൊക്കെയോ പറയുന്നു' എന്നായിരുന്നു നരേന്ദ്ര മോദിയുടെ പരിഹാസം.
നയ രൂപീകരണത്തില്‍ കോണ്‍ഗ്രസിന് ആദിവാസികളെയും ദളിതുകളെയും പിന്നാക്ക വിഭാഗക്കാരെയും ആവശ്യമുണ്ടെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ ബിജെപിയും ആര്‍എസ്‌എസും അവരെ വനവാസികളെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
'ആദിവാസികളാണ് രാജ്യത്തിന്‍റെ ആദ്യത്തെ ഉടമകള്‍. വെള്ളം, കാട്, ഭൂമി എന്നിവയുടെയെല്ലാം ആദ്യ അവകാശികള്‍ അവരാണ്. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് അവര്‍ കാടുകളില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്ന നിലപാടാണ്. യാതൊരു അവകാശങ്ങളും അവര്‍ക്കില്ല. ഇതിനെതിരെ പോരാടിയാണ് ബിര്‍സമുണ്ടയ്ക്ക് ജീവന്‍ നഷ്‌ടമായത്.
മഹാരാഷ്‌ട്രയില്‍ ജാതി സെന്‍സസ് ആദിവാസികള്‍ക്കും ദളിതർക്കും പിന്നാക്കക്കാര്‍ക്കും ഗുണകരമാകും. കാരണം അവരുടെ അംഗബലത്തെക്കുറിച്ച് കൃത്യമായ വിവരം ഇതിലൂടെ കിട്ടും. വിഭവപരമായ അവരുടെ പങ്കും വ്യക്തമാകും. എട്ട് ശതമാനം വരുന്ന ഗിരിവര്‍ഗ ജനതയ്ക്ക് നയരൂപീകരണത്തില്‍ കേവലം ഒരു ശതമാനം മാത്രമാണ് പങ്കാളിത്തമുള്ളതെന്നും' രാഹുല്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷമായ മഹാവികാസ് അഘാടിയുടെ (എംവിഎ) പ്രകടന പത്രികയില്‍ സ്‌ത്രീകള്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പ്രതിമാസം മൂവായിരം രൂപയുടെ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. സൗജന്യ ബസ് യാത്രയും മൂന്ന് ലക്ഷം വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്നും വാഗ്‌ദാനമുണ്ട്. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം നാലായിരം രൂപ സഹായവും നല്‍കും.
വന്‍കിട പദ്ധതികള്‍ പലതും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതിനാല്‍ സംസ്ഥാനത്ത് അഞ്ച് ലക്ഷം തൊഴിലുകള്‍ നഷ്‌ടമായെന്നും രാഹുല്‍ ആരോപിച്ചു. എന്നാല്‍ തങ്ങളുടെ സര്‍ക്കാര്‍ ഇത് അനുവദിക്കില്ല. മഹാരാഷ്‌ട്രയ്ക്കുള്ള പദ്ധതികള്‍ ഇവിടെ തന്നെ ഉണ്ടാകും. ഗുജറാത്തിലെ പദ്ധതികള്‍ അവിടെയും എന്നും രാഹുൽ പറഞ്ഞു.
288 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഭരണകക്ഷിയായ മഹായുതിയും പ്രതിപക്ഷമായ മഹാ വികാസ് അഘാടിയും ശക്തമാക്കിയിരിക്കുകയാണ്. ഈ മാസം ഇരുപതിന് വോട്ടെടുപ്പും 23ന് വോട്ടെണ്ണലും നടക്കും.